മുത്തേ, പൊന്നേ.., പിണങ്ങല്ലേ…

suuuuuജോസ് ആന്‍ഡ്രൂസ്

ജീവിതത്തില്‍നിന്നു സിനിമയിലേക്ക് എത്ര ദുരമുണ്ടെന്നു ചോദിച്ചാല്‍ തമ്പാനൂരില്‍നിന്ന് അരിസ്റ്റോ ജംഗ്ഷനിലേക്കുള്ളത്ര എന്നാവും സുരേഷിന്റെ ഉത്തരം.  അത്ര കുറച്ച്. 50 കിലോയുടെ അരിച്ചാക്ക് അട്ടിയിടുന്നത്ര കഷ്ടപ്പാടില്ല ഈ ചുമട്ടുതൊഴിലാളിക്ക് അഭിനയിക്കാന്‍ എന്നു മനസിലാക്കാനും നിമിഷങ്ങള്‍ മതി.

അതേ, സുരേഷ് തമ്പാനൂരിന്റെ കാര്യം തന്നെ.

“ആക്ഷന്‍ ഹീറോ ബിജു’എന്ന സിനിമയിലെ ഒരൊറ്റ പാട്ടിലൂടെ കേരളക്കരയെ താളംകൊട്ടി പാടിച്ച  തിരുവനന്തപുരം തമ്പാനൂര്‍ സ്വദേശി. സുരേഷിന് ജീവിതവും സിനിമയും തമ്മില്‍ വലിയ അന്തരമൊന്നുമില്ല. ഇത്രയുംകാലം അരിസ്റ്റോ ജംഗ്ഷനില്‍ ചുമടെടുക്കുന്നതിനിടയിലും കണ്ണേറ്റുമുക്കിലെ വാടക മുറിയില്‍ കൂട്ടുകാര്‍ക്കൊപ്പമിരുന്നുമൊക്കെ പാടി. ഇപ്പോള്‍ കാമറയ്ക്കു മുന്നിലായി അത്രയേ ഉള്ളു.

എബ്രിഡ് ഷൈനും നിവിന്‍ പോളിക്കും അതു മതിയായിരുന്നു. ഇങ്ങനെ ഒരാളെയാണ് തങ്ങള്‍ തപ്പിനടന്നതെന്ന് അവര്‍ക്ക് ആദ്യ കൂടിക്കാഴ്ചയില്‍തന്നെ മനസിലായി.

എറണാകുളത്ത് മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റിലായിരുന്നു സംഭവം. സിനിമയിലെ മറ്റൊരു നടനായ ബോബി മോഹനാണ് സുരേഷിനെ തമ്പാനൂരില്‍നിന്ന് എറണാകുളത്തെത്തിച്ചത്. അന്നത്തെ പണിയൊക്കെ ഉപേക്ഷിച്ച് ഉള്ളതില്‍ നല്ല ഉടുപ്പുമിട്ട് പുറപ്പെടുമ്പോഴും സിനിമയില്‍ റോളുകിട്ടാനുള്ള സാധ്യതയുണ്ടെന്നു സുരേഷിനോട് ബോബി പറഞ്ഞുമില്ല. കുറെ പാട്ടുകളൊക്കെ എഴുതി കൂട്ടുകാരെ പാടി രസിപ്പിക്കുന്ന ഒരു തൊഴിലാളി തമ്പാനൂരിലുണ്ടെന്നേ പറഞ്ഞിരുന്നുള്ളു. ചെന്ന പാടേ ഷൈന്‍ പാടിക്കോളാന്‍ പറഞ്ഞു. സുരേഷിന് അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല. പതിവുശൈലിയില്‍ ഉടുപ്പിന്റെ ബട്ടന്‍സൊക്കെ വിടര്‍ത്തി നെഞ്ചുകാണിച്ച് ഒരു പ്രയോഗം:

മുത്തേ പൊന്നേ പിണങ്ങല്ലേ
എന്തേ കുറ്റം ചെയ്തു ഞാന്‍
എന്തിനു പെണ്ണേ നിനക്കിന്നു പിണക്കം
നീയെന്റെ കരളല്ലേ…
രാവിന്റെ മാറില്‍ മയക്കം കൊള്ളുമ്പോള്‍
നീയല്ലോ കനവാകേ
പകലിന്റെ മടിയില്‍ മിഴിതുറന്നാല്‍
രാവെത്തുംവരേക്കും നിന്‍രൂപം മുന്നില്‍…

ഇത്രയുമായപ്പോഴേക്കും അകത്തെ മുറിയില്‍നിന്നും നിവിന്‍ പോളിയും ഇറങ്ങി വന്നു. സിനിമയില്‍ മാത്രം കണ്ടിട്ടുള്ള നായകനെ അമ്പരപ്പോടെ ഒന്നു നോക്കി. സുരേഷിനു വിശ്വസിക്കാനായില്ല. എന്നിട്ടും താളം തെറ്റാതെ അടുത്തുള്ള മേശയില്‍ അടിച്ചു പാടുകയാണ്…

മൊത്തത്തില്‍ പറഞ്ഞാല്‍
നീയെന്റെ നിഴലും
വെളിച്ചമെന്നില്‍ തൂവുന്ന വിളക്കും…
മുത്തേ, പൊന്നേ….പിണങ്ങല്ലേ

ഇതോടെ നിവിന്‍പോളി കൈകൊണ്ടു വായുവില്‍ താളമിടാനും ചുവടുവയ്ക്കാനും തുടങ്ങി. എബ്രിഡ് ഷൈന്‍ നിശബ്ദനായി ഇരുന്നു. താളവും പാട്ടും മുറുകി.

ചെട്ടിക്കുളങ്ങരെ ഭരണിക്കു പോകാം
പൂരപ്പറമ്പാകെ തട്ടിമുട്ടി നടക്കാം
ചേലുള്ള കല്ലുള്ള മാലകള്‍ വാങ്ങാം
കണ്ണാടി വളകിട്ടും കടയിലും കേറാം
കണ്ണോടു കണ്ണോരം നോക്കിയിരിക്കാം
കാതോടു കാതോരം കഥകള്‍ പറയാം
മുത്തേ, പൊന്നേ…

എബ്രിഡ് ഷൈന്‍ ചാടിയെണീറ്റു. സെലക്ടഡ്…നമുക്ക് ഇയാളു മതി.
പിന്നെ സംഭവിച്ചത് കേരളം അറിഞ്ഞു. ആക്ഷന്‍ ഹീറോ തിയറ്ററില്‍ വിജയത്തിന്റെ താളമിട്ടു. ആളുകള്‍ സുരേഷിന്റെ പാട്ടുകേള്‍ക്കാന്‍ സോഷ്യല്‍ മീഡിയയിലും യൂ ട്യൂബിലും കയറിയിറങ്ങി. കോളജുകളിലും സ്കൂളുകളിലും മാത്രമല്ല, നഴ്‌സറി കുട്ടികളും പാടി, മുത്തേ, പൊന്നേ പിണങ്ങല്ലേ…

തിരുവനന്തപുരത്തും കൊച്ചിയിലും കോട്ടയത്തും കണ്ണൂരുമൊക്കെ ബിജു ജൈത്രയാത്ര തുടരുമ്പോള്‍ സുരേഷ് തമ്പാനൂരിലെ വാടകവീട്ടിലിരുന്ന് പറയുകയാണ്, റെയില്‍വേ പുറമ്പോക്കില്‍ തുടങ്ങി കണ്ണേറ്റുമുക്കിലെ വാടകമുറിയില്‍ തുടരുന്ന ജീവിതത്തെക്കുറിച്ച്. അരിസ്റ്റോ ജംഗ്ഷനിലെ തൊഴിലാളികളുടെ സ്വന്തം ഹീറോയുടെ പൊട്ടിച്ചിരിക്ക് മുന്‍നിരപ്പല്ലുകളുടെ ആര്‍ഭാടമില്ലെങ്കിലും കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയുണ്ട്.

ഏതു മുത്തിനെ ഓര്‍ത്താണ് സുരേഷേ ഈ പാട്ട് എഴുതിയത്? വാക്കുകള്‍ക്കിടയില്‍ എവിടെയോ ഒരു നഷ്ടപ്രണയം തേങ്ങുന്നതുപോലെ?

ഹഹഹഹ… ഒരിക്കലുമില്ല. പ്രേമിക്കാതെ പ്രേമത്തെയും വിരഹത്തെയും കുറിച്ച് എഴുതാനാവില്ലെന്ന് എനിക്കു തോന്നിയിട്ടില്ല. ഞാനെത്രയെത്ര പാട്ടുകള്‍ കുറിച്ചിട്ടു. എല്ലാം അനുഭവിച്ചിട്ടാണോ എഴുതുന്നത്. ജീവിതത്തെ അറിഞ്ഞാല്‍ മതി. അതാണ് അനുഭവം. നിറം എന്ന ചിത്രത്തിലെ “മിഴിയറിയാതെ വന്നുനീ മിഴിയൂഞ്ഞാലില്‍…’ എന്ന പാട്ടു കേട്ടതിന്റെ സുഖത്തില്‍ കൂട്ടുകാരുടെ പ്രേരണയില്‍ എഴുതിയതാണ് ഇത്.

ഇങ്ങനെ എത്ര കവിതകളെഴുതിയിട്ടുണ്ട്?

കവിതയെന്നു പറയരുത്. അതിനുള്ള യോഗ്യതയില്ല. എന്റേതു നാടന്‍ പാട്ടുകളാണ്. അതാണെങ്കില്‍ അഞ്ഞുറിലേറെയുണ്ടാകും. ജോലികഴിഞ്ഞുള്ള വിശ്രമസമയത്തും കൂട്ടുകാരോടൊത്തുള്ള സൗഹൃദനിമിഷങ്ങളിലും മുറിയില്‍ ഒറ്റയ്ക്കാകുമ്പോഴും ഞാന്‍ പാട്ടുകളെഴുതി സൂക്ഷിക്കുമായിരുന്നു. കൈയില്‍ കിട്ടുന്ന കടലാസിലൊക്കെ എഴുതിവച്ചു. ചിലതൊക്കെ ഡയറിയിലാണ്. കുറെയൊക്കെ നഷ്ടപ്പെട്ടു. കുറെ ബാക്കിയുണ്ട്. വാടകവീടുകള്‍ മാറുമ്പോള്‍ കെട്ടിപ്പെറുക്കുന്ന കൂട്ടത്തില്‍ ചില കടലാസുകള്‍ പറന്നുപോകും.

വയസെത്രയായി?
46.

കല്യാണം?

ആഗ്രഹമൊക്കെയുണ്ടായിരുന്നു. അതിനൊക്കെ ഒരു സമയമുണ്ടല്ലോ, ആ സമയത്ത് ഒന്നും നടന്നില്ല. അമ്മ കുറെ പെണ്ണുങ്ങളെയൊക്കെ തിരഞ്ഞുപിടിച്ചതാ. പിന്നെ ഞാന്‍ പോയി കണ്ടിട്ടുവരും. ഒന്നുകില്‍ നമുക്ക് ഇഷ്ടപ്പെടില്ല. അല്ലെങ്കില്‍ അവര്‍ക്ക്. പിന്നെ, എന്നെക്കുറിച്ച് നാട്ടിലും അത്ര നല്ല അഭിപ്രായമായിരുന്നില്ല. അതിനാല്‍ പലതും മുടങ്ങി. ഇനിയിപ്പോള്‍ വേണമെന്നു തോന്നുന്നില്ല. എല്ലാത്തിനും ഒരു സമയമൊക്കെയില്ലേ…

വീട്ടില്‍ അമ്മയല്ലാതെ മറ്റുള്ളവര്‍?

അച്ഛന്‍ മരിച്ചുപോയി. അതിനുമുമ്പേ അമ്മയെയും എന്നെയും ചേച്ചിയെയും ഉപേക്ഷിച്ച് വേറെ പോയിരുന്നു. അങ്ങേരു വേറെ കല്യാണമൊക്കെ കഴിച്ചു. പിന്നെ അമ്മയും വേറെ വിവാഹം കഴിച്ചു. ഞങ്ങള്‍ ആറു സഹോദരങ്ങളാണ്. ആണായിട്ടു ഞാന്‍ മാത്രമേയുള്ളു.  എല്ലാവരെയും കെട്ടിച്ചയച്ചു. കല്യാണം കഴിക്കാതെ ഞാന്‍ മാത്രമേയുള്ളു. ഒരാളെ തമിഴ്‌നാട്ടിലെ ഡിണ്ടിഗലിലാണ് കല്യാണം കഴിച്ചയച്ചത്. ആറ്റുകാല്‍ പൊങ്കാലയ്ക്ക് അവരെല്ലാവരും വരും. ഇത്തവണയും വന്നിരുന്നു. ഞാന്‍ സിനിമയില്‍ അഭിനയിച്ചുതുകേട്ട് എല്ലാവര്‍ക്കും വലിയ സന്തോഷമായിരുന്നു. ദിണ്ടിഗലില്‍നിന്നു വന്നവള്‍ കുടുംബത്തോടൊത്ത് ശ്രീപദ്മനാഭയില്‍ എന്റെ സിനിമ കാണാന്‍ പോയി. ടിക്കറ്റു കിട്ടിയില്ല. അവരു തനിച്ചുപോകേണ്ട വല്ല കാര്യവുമുണ്ടായിരുന്നാേ? ഇനി വരുമ്പോള്‍ പറഞ്ഞാല്‍മതി, ഞാന്‍ ടിക്കറ്റെടുത്തു വച്ചോളാമെന്നു പറഞ്ഞിട്ടുണ്ട്.
suresh
താമസം അമ്മയോടൊപ്പമാണോ?

അതു ശരിയാകില്ല. കൂട്ടുകെട്ടൊന്നും അമ്മയ്ക്ക് ഇഷ്ടമില്ല. അവരു സംഘമായിട്ടു വരുമ്പോള്‍ അമ്മ ഇടയും. അതുകൊണ്ട് അടുത്തുതന്നെ തനിച്ചൊരു മുറിയെടുത്തു. ഭക്ഷണം കഴിക്കാന്‍ അമ്മയുടെ അടുത്തെത്തും. ഈ മുറിയില്‍ വന്നാണ് ഉറക്കം.

ബാല്യകാലം?

അതെന്തു പറയാന്‍? പറയാന്‍ മാത്രമൊന്നും രസകരമല്ല. റെയില്‍വേ പുറമ്പോക്കിലായിരുന്നു ഞങ്ങളുടെ കൊച്ചുവീട്. വികസനമൊക്കെ വന്നപ്പോള്‍ ഇറക്കിവിട്ടു. പിന്നെ വാടകമുറികളിലായി താമസം. ഒന്നുമുതല്‍ ഏഴുവരെ ചെങ്കല്‍ചൂള തമ്പാന്നൂര്‍ യുപിഎസില്‍. ശ്രീമുലവിലാസം സ്കൂളില്‍ എട്ടാം ക്ലാസ്. പിന്നെ പഠിച്ചില്ല. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് സിനിമാപ്രേമമായിരുന്നു. എല്ലാ സിനിമകളും കാണുമായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സിനിമയ്ക്കു പോയതിനു വീട്ടില്‍നിന്നു തല്ലുകിട്ടിയിട്ടുണ്ട്.

എന്നിട്ടോ?

പഠനം അവസാനിപ്പിച്ചതിനുശേഷം  ഈ തിരുവനന്തപുരം പട്ടണത്തിലേക്കിറങ്ങി. ആദ്യമൊക്കെ ലോഡ്ജുകള്‍ക്ക് വാടകക്കാരെ പിടിച്ചുകൊടുക്കുമായിരുന്നു. തമിഴ്‌നാട്ടില്‍നിന്നും അന്യനാടുകളില്‍നിന്നുമൊക്കെ വരുന്നവര്‍ക്ക് സാമ്പത്തികമനുസരിച്ചുള്ള മുറികള്‍ സംഘടിപ്പിച്ചുകൊടുക്കും. ലോഡ്ജുകാരു കമ്മീഷന്‍ തരും. അങ്ങനെ കിട്ടുന്ന കാശില്‍നിന്നു വലിയൊരു പങ്ക് സിനിമ കാണാന്‍ ചെലവഴിച്ചു. പിന്നീട് ചുമട്ടുതൊഴിലാളിയായി. 20 കൊല്ലമായിട്ട് അരിസ്റ്റോ ജംഗ്ഷനിലാണ് പണി. കണ്ണേറ്റുമുക്കില്‍നിന്നു നടന്നെത്താവുന്നതേയുള്ളു.

ഇനിയെന്താ പരിപാടി?

സിനിമ ജീവനാണ്. അവസരം കിട്ടിയാല്‍ അതിനു പോകും. അല്ലെങ്കില്‍ ഇവിടെ എന്റെ പ്രിയപ്പെട്ട ചങ്ങാതിമാരുമൊത്ത് ഈ തൊഴില്‍ ചെയ്ത് അവരുടെ നടുവിലിരുന്നു പാട്ടുപാടി ജീവിക്കും. അല്ലാതെന്ത്?

സിനിമയില്‍ അഭിനയിച്ചതോടെ ആകെ സന്തോഷമായി അല്ലേ?

സന്തോഷമുണ്ട്. പക്ഷേ, അഭിനയത്തെക്കാള്‍ എനിക്കിഷ്ടം കഥാകൃത്ത് ആകാനായിരുന്നു. തിരക്കഥ എഴുതിയെങ്കിലും ആരുമത് എടുത്തില്ല. എന്റെ കൂട്ടുകാര്‍ പ്രധാനമായും കോണ്‍ഗ്രസിലെ എന്റെ പാര്‍ട്ടിക്കാര്‍ ചേര്‍ന്ന് ഒരെണ്ണം പുസ്തകമാക്കി. “ദൂരത്തൊരു തീരം’ എന്നായിരുന്നു പേര്. കുറെയൊക്കെ വിറ്റു. എന്നാലും ഒരു കഥ സിനിമയാക്കാന്‍ പറ്റിയില്ലെന്നൊരു സങ്കടമുണ്ട്. അല്ലെങ്കിലും പ്രതീക്ഷിക്കുന്നതുപോലെയല്ലല്ലോ സംഭവിക്കുന്നത്. ഇപ്പോഴത്തെ സിനിമ അഭിനയവും ബാക്കി കാര്യങ്ങളുമൊക്കെ വിചാരിച്ചതാണോ? മുമ്പൊക്കെ പാട്ടെഴുതുമ്പോള്‍ ഓര്‍ക്കും ഒരു കാസറ്റ് ഇറക്കണമെന്ന്. അതിനുള്ള കാശില്ലായിരുന്നു. അതും നടന്നില്ല.

നടനെന്ന നിലയില്‍?

അങ്ങനെ നടനെന്നൊന്നും പറയാറായിട്ടില്ല. എന്തായാലും ആദ്യത്തെ അഭിനയത്തിന് ഒത്തിരി അഭിനന്ദനങ്ങള്‍ കിട്ടി. ഇന്നലെയുമുണ്ടായിരുന്നു സ്വീകരണം. പ്രസംഗമൊന്നും കാര്യമായില്ല. എല്ലാവര്‍ക്കും എന്റെ പാട്ടു മതി. എനിക്കും അതാ എളുപ്പം. എബ്രിഡ് ഷൈന്‍ ഒത്തിരി സഹായിച്ചു. എന്റെ പാട്ടിന്റെ വരികളില്‍ ചെറിയ പരിഷ്കാരങ്ങള്‍ വരുത്തിയതുമുതല്‍ അഭിനയിക്കാന്‍ സഹായിച്ചതുവരെ ഒട്ടേറെ കാര്യങ്ങള്‍. എന്നെ സംവിധായകനു പരിചയപ്പെടുത്തിയ ബോബി മോഹനന്‍ ഉള്‍പ്പെടെ സെറ്റില്‍ എല്ലാവരും വളരെ സൗഹൃദത്തിലായിരുന്നു. അഞ്ചാറു ദിവസംകൊണ്ട് എന്റെ ഷൂട്ടിംഗ് കഴിഞ്ഞു. പക്ഷേ, തിരിച്ചുപോന്നില്ല. പോരാന്‍ തോന്നിയില്ല. അവിടെത്തന്നെ തങ്ങി. ആരെങ്കിലും ചോദിച്ചാല്‍ പറയാമല്ലോ ഷൂട്ടിംഗിലാണെന്നൊക്കെ. അതൊരു ഗമയല്ലേ? ഹഹഹഹ….എബ്രിഡ് ഷൈനിന്റെതന്നെ ഒരു ചിത്രത്തില്‍ വീണ്ടും അഭിനയിക്കാന്‍ സാധ്യതയുണ്ട്. വേറെയും മൂന്നു ചിത്രങ്ങളിലേക്കു വിളിച്ചിട്ടുണ്ട്. അതിലേക്കുവേണ്ടി ഇപ്പോള്‍ മുടി വളര്‍ത്തുകയാ.

പല്ലിന്റെ കാര്യമോ?

ഓ..അതങ്ങനെതന്നെ ഇരിക്കട്ടെ. എന്റെ ശരീരത്ത് ഡ്യൂപ്ലിക്കേറ്റ് ഒന്നുമില്ല. എല്ലാം ഒറിജിനലാ.

പല്ലില്ലാത്ത മോണ കാട്ടിയുള്ള ചിരിയാണ് കൂടുതല്‍ ആകര്‍ഷണീയമായതെന്നു തോന്നുന്നു. ഇതെങ്ങനെ സംഭവിച്ചു?

കഴിഞ്ഞ പാര്‍ലമെന്റു തെരഞ്ഞെടുപ്പു സമയത്ത് സ്കൂട്ടര്‍ അപകടത്തില്‍ പോയതാ. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രചാരണം കഴിഞ്ഞ് കൂട്ടുകാരനുമൊത്ത് രാത്രിയില്‍ ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു. തമ്പാനൂര്‍ ഫ്‌ളൈ ഓവറില്‍വച്ച് മറിഞ്ഞു. മുന്‍നിരയിലെ പല്ലുകളൊക്കെ അന്നു പോയതാ. പോയതു പോകട്ടെ.

പക്ഷേ,  ഇപ്പോള്‍ സിനിമാ നടനല്ലേ?

ചെറിയൊരു റോളില്‍ അഭിനയിച്ചെങ്കിലും ജീവിതത്തില്‍ ഇത്തിരി മാറ്റമൊക്കെ വേണമെന്നു തോന്നിത്തുടങ്ങി. ഇനിയിപ്പോള്‍ ആളുകളൊക്കെ ശ്രദ്ധിക്കില്ലേ. എന്നെ സഹായിച്ചവര്‍ക്കൊക്കെ നാണക്കേടാവരുതല്ലോ. സിഗരറ്റ് വലിയുള്‍പ്പെടെ എല്ലാം നിര്‍ത്തണമെന്നുണ്ട്.
suuurr
ഇനിയെന്തെങ്കിലും പറയാനുണ്ടോ?

ഉണ്ട്. എന്റെ പേരില്‍ ഒരു ഫേസ്ബുക്ക് അക്കൗണ്ട് ആരോ തുറന്നിട്ടുണ്ടെന്ന് ഇന്റര്‍നെറ്റ് കഫേയിലെ പിള്ളേരു പറഞ്ഞു. ഒത്തിരി ലൈക്കൊക്കെ വന്നിട്ടുണ്ടെന്നും മറ്റും. എന്റെ പൊന്നേ എനിക്കിതൊന്നും പരിചയമില്ലകേട്ടോ. ഞാനൊരു ഫേസ്ബുക്കും തുറന്നിട്ടില്ലെന്നും എന്റേതാണെന്നു കരുതി ആരും ലൈക്കടിക്കണ്ടന്നും വായനക്കാരോടു പറഞ്ഞേക്കണേ. വല്ല ഗുലുമാലും വന്നാല്‍ എനിക്ക് ഉത്തരവാദിത്വമില്ല. ഇന്നത്തെ കാലമല്ലേ സൂക്ഷിക്കണം. മുത്തേ പൊന്നേ എന്നൊക്കെ വ്യാജ അക്കൗണ്ടില്‍ പറഞ്ഞാല്‍ കേള്‍ക്കണ്ട കേട്ടോ….

കാടു കരയുന്നേ…

കാടിന്റെ മക്കള്‍ കരയുന്നേ എന്ന പാട്ടുപാടിക്കൊണ്ട് സുരേഷ് എഴുന്നേറ്റു.

അരിസ്റ്റോ ജംഗ്ഷനിലെ ചുമടുകള്‍ തന്നെ കാത്തിരിക്കുമ്പോള്‍ സ്വന്തം ഇല്ലായ്മകളുടെ ചുമടുകള്‍ എന്തിനു കൊണ്ടുനടക്കണമെന്നു കരുതുന്ന മനുഷ്യന്‍. കൂട്ടുകാര്‍ക്കൊപ്പമിരുന്ന് ഒരു പാട്ടുപാടുമ്പോള്‍ അതു കേള്‍ക്കാന്‍ മേശയ്ക്കപ്പുറത്ത് ആളുകളുടെ എണ്ണം കൂടുകയാണ്.  അതില്‍ കൂടുതലൊന്നും ആഗ്രഹിക്കുന്നില്ല. ജീവിതം സുരേഷിനോടു പിണങ്ങാതെ മുന്നോട്ടുപോകുകയാണ്. ഓര്‍ക്കുമ്പോള്‍ ഒരെത്തും പിടിയും കിട്ടുന്നില്ല….
റെയില്‍വേ പുറമ്പോക്കിലും വാടകമുറിയിലും വഴിയോരത്തുമിരുന്ന് എഴുതിയ തന്റെ നാടന്‍പാട്ടുകള്‍ കേരളം മൂളുന്നു..

മുത്തേ, പൊന്നേ…

Related posts