മുദ്രപത്രം കിട്ടാനില്ല; നട്ടം തിരിഞ്ഞ് പൊതുജനം

kkd-mudraമുക്കം: മുദ്രപത്രങ്ങള്‍ കിട്ടാത്തത് പൊതുജനങ്ങള്‍ക്ക് ദുരിതമായി മാറുന്നു. സാമ്പത്തിക വര്‍ഷം അവസാനിക്കാറായതോടെ മുദ്രപത്രത്തിനായി ആളുകള്‍ നെട്ടോട്ടമോടുകയാണ്. കരാര്‍വ്യവസ്ഥകള്‍ക്കും രജിസ്‌ട്രേഷനുകള്‍ക്കും സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിനുമായി മുദ്രപത്രം തേടി അലയുന്നവര്‍ക്ക് സ്റ്റോക്കില്ലെന്ന മറുപടിയാണ് വെണ്ടറുകളില്‍നിന്ന് ലഭിക്കുന്നത്. മുക്കം,ഓമശ്ശേരി, തിരുവമ്പാടി മേഖലകളില്‍ ഒന്നുംതന്നെ ആവശ്യക്കാര്‍ക്ക് മുദ്രപത്രം ലഭിക്കുന്നില്ല.

മുക്കം പഞ്ചായത്ത് മുനിസിപ്പാലിറ്റി ആയതോടെ കടകളുടേയും കെട്ടിടങ്ങളുടേയും ഓണര്‍ഷിപ്പ്, വാടകവ്യവസ്ഥ എന്നിവയ്ക്കും മറ്റ് കരാര്‍ വ്യവസ്ഥകള്‍ പുതുക്കുന്നതിനും ഭവന നിര്‍മാണം, കെട്ടിട നിര്‍മാണം തുടങ്ങിയ  ആവശ്യങ്ങള്‍ ചെയ്തു തീര്‍ക്കേണ്ടവര്‍ക്കും മുദ്രപത്രം ലഭ്യമാവാത്തത് തടസ്സമായിരിക്കുകയാണ്. വിവിധ പഞ്ചായത്തിലെ മരാമത്ത് പ്രവൃത്തികള്‍ക്കും ഇതുമൂലം തടസം നേരിടുകയാണ്. ഏറെ ആവശ്യക്കാരുള്ള 50,100 എന്നീ രൂപയുടെ മുദ്രപത്രങ്ങളാണ് ഒട്ടും ലഭ്യമല്ലാത്തത്. മുദ്രപത്രത്തിനായി മുക്കത്തുനിന്നും ആളുകള്‍  ഓമശ്ശേരി, തിരുവമ്പാടി എന്നിവിടങ്ങളില്‍ പോയി നിരാശയോടെ മടങ്ങി വരുന്ന സ്ഥിതിയാണ്.

തിരുവമ്പാടി ട്രഷറി അധികൃതരുടെ അലംഭാവമാണ് മുദ്രപത്രം ലഭ്യമാകാത്തതിന് കാരണമെന്ന് എന്‍സിപി ബ്ലോക്ക് കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. മുദ്രപത്രങ്ങള്‍ എത്രയും വേഗം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. ഇ.ബേബി വാസന്‍ ഉദ്ഘാടനം ചെയ്തു. കെ.സി.അബ്ദുള്‍ മജീദ് അധ്യക്ഷത വഹിച്ചു. ടി.കെ.സാമി, അബ്ദുള്ള കുമാരനല്ലൂര്‍, കെ.സി.ആലി, ശിവരാമന്‍ മാമ്പറ്റ, റസാഖ് കൊടിയത്തൂര്‍, പ്രേമന്‍ മുത്തേരി, ഗഫൂര്‍ കല്ലില്‍, സി.അഹമ്മദ് കുട്ടി, റഹ്മത്ത് പറശ്ശേരി, എന്‍.കെ.പ്രഭാകരന്‍, എന്‍.റസാഖ്, പി.കെ.വാസു എന്നിവര്‍ സംസാരിച്ചു.

Related posts