പത്തനംതിട്ട: നഗരസഭയുടെ പുതിയ ബസ് സ്റ്റാന്‍ഡ് സമുച്ചയത്തിന്റെയും യാര്‍ഡിന്റെയും നിര്‍മാണത്തിലെ അപാകതയും അശാസ്ത്രീയതയും അന്വേഷിക്കുമെന്ന് മന്ത്രി ഡോ.കെ.ടി. ജലീല്‍ നിയമസഭയില്‍ അറിയിച്ചു. വീണാ ജോര്‍ജ് എംഎല്‍എയുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി. നിര്‍മാണത്തിലെ അശാസ്ത്രീയതയും അപാകതയും കാരണം ബസ് സ്റ്റാന്‍ഡ് നിരന്തരം ശോച്യാവസ്ഥയിലാണെന്ന് എംഎല്‍എ സബ്മിഷനില്‍ ചൂണ്ടിക്കാട്ടി. സ്റ്റാന്‍ഡ് യാര്‍ഡിന്റെയും കെട്ടിട നിര്‍മാണത്തില്‍ അഴിമതി ഉണ്ടെന്നും അന്വേഷിച്ച് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നുമായിരുന്നു സബ്മിഷനിലെ പ്രധാന ആവശ്യം. വ്യാപകമായ ചോര്‍ച്ചയും സിമന്റ് കോണ്‍ക്രീറ്റ് ഭാഗങ്ങളുടെ അടര്‍ന്നുപോകലും കാരണം കെട്ടിടത്തിന്റെ നിലനില്പു തന്നെ അപകടത്തിലാണെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി.
എല്‍എസ്ജിഡി ചീഫ് എന്‍ജിനീയര്‍ അധ്യക്ഷനായ സമിതി ഇതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടി ഉണ്ടാകുമെന്നും മന്ത്രി ജലീല്‍ വ്യക്തമാക്കി. ബസ് സ്റ്റാന്‍ഡ് നവീകരണത്തിനു ധനസഹായം അനുവദിക്കണമെന്ന എംഎല്‍എയുടെ ആവശ്യത്തിന്മേല് ചീഫ് എന്‍ജിനീയറുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം പരിശോധിച്ചു തീരുമാനമെടുക്കുമെന്നും മറുപടി ലഭിച്ചു.
കെയുആര്ഡിഎഫ്സിക്കും നഗരസഭ കൊടുത്തു തീര്‍ക്കാനുള്ള 4.5 കോടിയോളം രൂപയില്‍ പഴിപ്പലിശ ഒഴിവാക്കണമെന്ന വീണാ ജോര്‍ജ് എംഎല്‍എ ആവശ്യമുന്നിയിച്ചിരുന്നു. ഇതനുസരിച്ച് പിഴ ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ ബാധ്യത നഗരസഭയ്ക്ക് ഒഴിവാക്കി നല്കാന് നടപടി സ്വീകരിക്കുമെന്നും മന്ത്രി ജലീല്‍ അറിയിച്ചു. എംഎല്‍എയുടെ സാന്നിധ്യത്തില്‍ നഗരസഭ അധികൃതരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.