പാലക്കാട്: മുന്നോക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും സംവരണം നല്‍കുന്നതിന് ഇനി വൈകിക്കൂടെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മന്തക്കര മഹാഗണപതിക്ഷേത്രത്തിന്റെ രഥം പുനര്‍നിര്‍മാണത്തിനുള്ള അഞ്ചുലക്ഷം രൂപയുടെ ധനസഹായം പുതിയ കല്പാത്തി ഗ്രാമജനസമൂഹം സെക്രട്ടറി കെ എസ് അനന്തനാരായണനു നല്‍കിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
നാടിന്റെയും സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ഉദാത്തമായ തുടര്‍ച്ചയാണു രഥോത്സവം, നാലുനൂറ്റാണ്ടിന്റെ പഴക്കമുള്ള കല്‍പ്പാത്തി രഥോത്സവത്തിനു സംസ്ഥാന സര്‍ക്കാരിന്റെ എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ വൈകുന്നേരം മഹാഗണപതിമണ്ഡപത്തില്‍ നടന്ന യോഗത്തില്‍ ഷാഫി പറമ്പില്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ക്ഷേത്രകുളങ്ങള്‍ നവീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനും ഇത്തവണത്തെ ബജറ്റില്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ടു ഷാഫി പറമ്പില്‍ എംഎല്‍എ മന്ത്രിക്കു നിവേദനം നല്‍കുകയും ചെയ്തു. മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമന്‍, നഗരസഭാംഗങ്ങളായ ജയന്തി നടരാജന്‍, ടി.എസ്. മീനാക്ഷി, എന്നിവര്‍ പ്രസംഗിച്ചു.