ഇരിട്ടി: മുഴക്കുന്ന്, തില്ലങ്കേരി പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍നിന്ന് ബോംബുകള്‍ കണ്ടെടുത്ത സാഹചര്യത്തില്‍ മുഴക്കുന്ന് പോലീസും കണ്ണൂരില്‍ നിന്നുള്ള ബോംബ്, ഡോഗ് സ്ക്വാഡുകള്‍ ചേര്‍ന്ന് വ്യാപക റെയ്ഡ് തുടങ്ങി. മുഴക്കുന്ന് എസ്‌ഐ പി.എ. ഫിലിപ്പിന്റെ നേതൃത്വത്തിലാണ് മുന്‍കൂട്ടി നിശ്ചയിച്ച പ്രദേശങ്ങളില്‍ റെയ്ഡ് നടത്തുന്നത്. കാക്കയങ്ങാട് പാല സ്കൂളിന് സമീപത്തെ പറമ്പില്‍നിന്നും കഴിഞ്ഞദിവസം കാട് വയക്കുമ്പോള്‍ സ്റ്റീല്‍ ബോംബ് കണ്ടെടുത്തിരുന്നു. സംശയം തോന്നിയ തൊഴിലാളികള്‍ കൊടുവാള്‍ കൊണ്ട് മണ്ണുനീക്കിയപ്പോഴാണ് സ്റ്റീല്‍ ബോംബ് കണ്ടെത്തിയത്.
കഴിഞ്ഞമാസം ഇവിടെ ഒരു ഗൃഹനാഥന് വയക്കുന്ന യന്ത്രം ഉപയോഗിച്ച് കാട് വെട്ടുമ്പോള്‍ സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച് സാരമായി പരിക്കേറ്റിരുന്നു. ഇന്ന് വൈകുന്നേരം നാലിന് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന സമാധാന സന്ദേശസദസ് കാക്കയങ്ങാട് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ പോലീസ് സുരക്ഷ വിലയിരുത്തല്‍ നടത്തി. കാക്കയങ്ങാട്, തില്ലങ്കേരി, മുഴക്കുന്ന് മേഖലകളില്‍ പോലീസ് കൊലപാതകത്തെയും അക്രമസംഭവത്തെയും തുടര്‍ന്ന് ഏര്‍പ്പെടുത്തിയ പിക്കറ്റ് പോസ്റ്റുകളും പട്രോളിംഗും ഇപ്പോഴും പിന്‍വലിച്ചിട്ടില്ല.
കൊലപാതകവും അക്രമവും ഉണ്ടായതിനെ തുടര്‍ന്ന് സണ്ണി ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ മുമ്പ് നടത്താന്‍ നിശ്ചയിച്ചിരുന്ന സമാധാന സദസിന് പോലീസ് അനുമതി നിഷേധിച്ചിച്ചിരുന്നു. ഇതേതുടര്‍ന്ന് അക്രമം നിര്‍ത്തൂ ജീവിക്കാനനുവദിക്കൂവെന്ന സന്ദേശം ഉയര്‍ത്തി സിപിഎം-ആര്‍എസ്എസ് അക്രമത്തിനെതിരേ സമാധാന സദസ് സംഘടിപ്പിച്ചിരിക്കുന്നത്.