തൃശൂര്‍: കോളിളക്കം സൃഷ്ടിച്ച ചന്ദ്രബോസ് കൊലക്കേസിലെ പ്രതി മുഹമ്മദ് നിസാം ബന്ധുക്കള്‍ക്കെതിരെ വധഭീഷണി മുഴക്കിയെന്ന പരാതിയില്‍ അന്വേഷണം ഊര്‍ജിതമാക്കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. നിസാം കണ്ണൂര്‍ ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടോയെന്ന കാര്യം അന്വേഷിക്കുന്നുണ്ട്. സഹോദരങ്ങളെ എവിടെ നിന്നാണ് നിസാം വിളിച്ചതെന്നും ആരുടെ ഫോണില്‍ നിന്നാണിതെന്നും പരിശോധിക്കുന്നുണ്ട്. കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ ബന്ധുക്കള്‍ ഇക്കാര്യം ഒരാഴ്ച മുന്‍പു തന്നെ തൃശൂര്‍ റൂറല്‍ എസ്പി നിശാന്തിനിയെ കണ്ട് പരാതിപ്പെട്ടിരുന്നു. പോലീസിന്റെയും ജയില്‍ അധികൃതരുടേയും വഴിവിട്ട സഹായം നിസാമിന് കണ്ണൂരില്‍ ലഭിക്കുന്നുണ്ടോ എന്നകാര്യം അന്വേഷണസംഘം പരിശോധിക്കും.
തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് മുഹമ്മദ് നിസാം ഇപ്പോള്‍. നിസാം തങ്ങള്‍ക്കെതിരെ വധഭീഷണി മുഴക്കിയെന്ന് സഹോദരങ്ങള്‍ തൃശൂര്‍ റൂറല്‍ എസ്പി നിശാന്തിനിക്ക് പരാതി നല്‍കിയിട്ടുണ്ട്.
എവിടെ നിന്നാണ്, എപ്പോഴാണ് ഭീഷണി മുഴക്കിയതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ബംഗളുരുവില്‍ മറ്റൊരു കേസിന്റെ വിചാരണക്കായി കൊണ്ടുപോകുമ്പോഴാണ് നിസാം ബന്ധുക്കളെ വിളിച്ച് വധഭീഷണി മുഴക്കിയതെന്നാണ് സൂചന. ബംഗളുരുവിലേക്ക് നിസാമിനെ വിചാരണക്ക് കൊണ്ടുപോയ ബസില്‍ നിസാമിന്റെ സുഹൃത്തുക്കുളും ഓഫീസ് ജീവനക്കാരും യാത്ര ചെയ്തിരുന്നുവെന്നും പരാതിയുയര്‍ന്നിട്ടുണ്ട്.
നിസാമിന്റെ ചിലവിലാണ് നിസാമിനേയും കൊണ്ട് പോലീസ് ബംഗളുരുവിലേക്ക് പോയതെന്നും ആരോപണമുണ്ട്. ഇക്കാര്യങ്ങളും പോലീസ് അന്വേഷിക്കും. നിസാം ഇരട്ട ജീവപര്യന്തത്തിന് തടവിലായതോടെ നിസാമിന്റെ കോടിക്കണക്കിന് ആസ്തികള്‍ സംബന്ധിച്ചും ബിസിനസ് സാമ്രാജ്യം സംബന്ധിച്ചും അനിശ്ചിതത്വം നിലനിന്നിരുന്നു. ഇതേച്ചൊല്ലി നിസാമും സഹോദരങ്ങളും തമ്മില്‍ സംസാരമുണ്ടായിട്ടുണ്ടെന്നാണ് സൂചന. ബിസിനസ് കാര്യത്തില്‍ താന്‍ ചതിക്കപ്പെട്ടതായി നിസാം കരുതുന്നുണ്ടെന്ന് സഹോദരനുമായുള്ള സംഭാഷണത്തില്‍നിന്ന് സൂചന ലഭിക്കുന്നുണ്ട്. സഹോദരനെ നിസാം രൂക്ഷമായ ഭാഷയില്‍ വഴക്കു പറയുന്നുണ്ട്. ഇതിന്റെ രേഖകളെല്ലാം റൂറല്‍ എസ്പിക്ക് നിസാമിന്റെ ബന്ധുക്കള്‍ കൈമാറിയിട്ടുണ്ട്.
നിസാം കണ്ണൂര്‍ ജയിലില്‍ തടവിലാണെങ്കിലും എല്ലാ സൗകര്യങ്ങളും നിസാമിന് ലഭിക്കുന്നുണ്ടെന്ന സംശയമുയര്‍ന്നതോടെ ഐജിക്കും ജയില്‍ സൂപ്രണ്ടിനും ഇതു സംബന്ധിച്ച് പരാതി നല്‍കാന്‍ ചന്ദ്രബോസിന്റെ ബന്ധുക്കള്‍ ശ്രമിക്കുന്നുണ്ട്. കെ. രാജന്‍ എംഎല്‍എ മുഖാന്തിരം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്നോട്ടു നീക്കുന്നുണ്ടെന്ന്് ചന്ദ്രബോസിന്റെ ബന്ധുക്കള്‍ പറഞ്ഞു.