മൂന്നു മാസത്തിനുള്ളില്‍ 30 വാര്‍ഡുകള്‍ മാലിന്യമുക്തമാക്കാന്‍ നഗരസഭ

tvm-malinyamസ്വന്തം ലേഖകന്‍
തിരുവനന്തപുരം : എന്റെ നഗരം സുന്ദര നഗരം പദ്ധതിയുടെ ഭാഗമായി നഗരസഭ നടപ്പാക്കിവരുന്ന മാലിന്യസംസ്കരണ പരിപാടികള്‍ കൂടുതല്‍ ഊര്‍ജിതമാക്കുന്നു. പ്ലാസ്റ്റിക് , അജൈവമാലിന്യങ്ങള്‍ എന്നിവ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ശേഖരിക്കുന്ന പദ്ധതിയാണ് മാറ്റങ്ങളോടെ അവതരിപ്പിക്കാന്‍ നഗരസഭ ഒരുങ്ങുന്നത്. മൂന്നു മാസത്തിനുള്ളില്‍ 30 വാര്‍ഡുകള്‍ പൂര്‍ണമായും മാലിന്യമുക്തമാക്കുക എന്നതാണ് ആദ്യ ലക്ഷ്യം.

ഈ മാസം പകുതിയോടെ ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെട്ട വാര്‍ഡുകളില്‍ ആരംഭിക്കും. പിന്നീട് രണ്ട് ഘട്ടങ്ങളിലായി ബാക്കിയുള്ള 70 വാര്‍ഡുകളിലേക്കു നടപടികള്‍ വ്യാപിപ്പിക്കും. ഒരു വാര്‍ഡില്‍ അഞ്ച് എയിറോബിക് ബിന്നുകള്‍, കൂടുതല്‍ കിച്ചന്‍ ബിന്നുകള്‍, 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ശേഖരണം എന്നിവ ഉള്‍പ്പെടും. ഇതെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കി സമ്പൂര്‍ണ മാലി ന്യനിര്‍മാര്‍ജനമാണ്  ലക്ഷ്യം.

പഴയ രീതിയില്‍ നിന്നു മാറി ബിന്നുകളുടെ പൂര്‍ണ ചുമതല നഗരസഭ ഏറ്റെടുക്കും. സബ്‌സിഡി നല്‍കി കിച്ചണ്‍ ബിന്നുകള്‍ സ്ഥാപിക്കുന്ന രീതിക്ക് മാറ്റം വരും. ബിന്നുകള്‍ സ്ഥാപിക്കുന്നതും പിന്നീടുള്ള പരിപാലനവും  ഉപയോക്താക്കളില്‍ നിന്ന് ചെറിയ സേവന നിരക്കോടെ നഗരസഭ നടപ്പാക്കും.  വാര്‍ഡുകളില്‍ പുതിയതായി സ്ഥാപിക്കാന്‍ ഒരുങ്ങുന്ന എയിറോബിക് ബിന്നുകളുടെ എണ്ണം സ്ഥലം കൂടുതല്‍ ലഭിച്ചാല്‍ വര്‍ധിപ്പിക്കും. മാത്രമല്ല പഴയ രീതിയില്‍ നിന്ന് വ്യത്യസ്തമായി പോര്‍ട്ടബിള്‍ രീതിയിലുള്ള ബിന്നുകള്‍ സ്ഥാപിക്കാനും ആലോചനയുണ്ട്.

അതേസമയം, മാറ്റങ്ങളോടെ പദ്ധതി അവതരിപ്പിക്കുമ്പോള്‍ ഭീമമായ പദ്ധതി തുക ആവശ്യമായി വരും. ആദ്യ ഘട്ടം നഗരസഭ സ്വന്തം നിലയ്ക്കു തുടങ്ങും പിന്നീടുള്ളത് വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ അടുത്ത ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ആലോചിക്കുന്നത്. മാറ്റങ്ങളോടെ അവതരിപ്പിക്കുന്ന മാലിന്യനിര്‍മാര്‍ജന പരിപാടിയുടെ മേല്‍നോട്ടത്തിനായി എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ മേയര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Related posts