മൂവാറ്റുപുഴയില്‍ കഞ്ചാവ് വില്പന വര്‍ധിക്കുന്നു

alp-kanchavuമൂവാറ്റുപുഴ: നഗരത്തിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് വില്പനയും ഉപയോഗവും വര്‍ധിക്കുന്നു. ഇന്നലെ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ കഞ്ചാവ് വില്പന നടത്തിയിരുന്നയാളെ പിടികൂടി. ആശ്രമം സ്വകാര്യ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നുമാണ് രണ്ടാര്‍ പൊറ്റേക്കണ്ടത്തില്‍ സൈനുദ്ദി(55)നെ കഞ്ചാവ് വില്പനക്കിടെ എക്‌സൈസ് സംഘം പിടികൂടിയത്. ഇരുപതുഗ്രാം കഞ്ചാവും കണ്ടെടുത്തു.

നഗരത്തിലെ ബസ് സ്റ്റാന്‍ഡുകള്‍, ചാലിക്കടവ് പാലം ജംഗ്ഷന്‍, കീച്ചേരിപ്പടി, രണ്ടാര്‍ തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന വ്യാപകമായിരിക്കുന്നതായി നേരത്തെ മുതല്‍ ആക്ഷേപം ഉള്ളതാണ്. കഞ്ചാവ് മാഫിയയുടെ ഇടത്താവളമായി മൂവാറ്റുപുഴയും പരിസര പ്രദേശങ്ങളും ഇപ്പോള്‍ മാറിയിരിക്കുകയാണ്. അതേസമയം പേരിനുമാത്രം ചിലരെ പിടികൂടുന്നതൊഴിച്ചാല്‍ വമ്പന്‍ സ്രാവുകളെ തൊടാന്‍പോലും അധികൃതര്‍ക്ക് കഴിയുന്നില്ല.

ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമാണ് കഞ്ചാവ് മൂവാറ്റുപുഴയില്‍ എത്തിക്കുന്നത്. തുടര്‍ന്ന് ഇവിടെ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് ചില്ലറ വില്പനക്കായി കൊണ്ടുപോവുകയാണ് പതിവ്. വന്‍ കഞ്ചാവ് മാഫിയ സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ഥികളെയും യുവാക്കളെയുമാണ് കൂടുതലായും വില്‍പനക്കായി സംഘം ഉപയോഗിക്കുന്നത്. അടിപൊളി ജീവിതം നയിക്കാനുള്ള പണം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികളടക്കമുള്ളവര്‍ വളരെ പെട്ടെന്ന് സംഘത്തിന്റെ വലയില്‍ അകപ്പെടുന്നത്.

ലക്ഷക്കണക്കിന് രൂപയുടെ കഞ്ചാവ് വിറ്റഴിക്കുമ്പോഴും സംഘത്തിലെ പ്രധാനികളില്‍പ്പെട്ട ഒരാളെപോലും അധികൃതര്‍ക്ക് പിടികൂടാനാകാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വില്പനക്കാരായ ചിലരെ എക്‌സൈസ് സംഘം പിടികൂടുന്നുണ്ടെങ്കിലും ഇവര്‍ക്ക് ആരാണ് കഞ്ചാവ് എത്തിച്ചു നല്‍കുന്നതെന്ന് കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മൂവാറ്റുപുഴ, പെരുമ്പാവൂര്‍ മേഖലയിലാണ് വില്പന തകൃതിയായി നടക്കുന്നത്.

പാന്‍മസാലയുടെ നിരോധനത്തോടെ ഇതുപയോഗിച്ച് വന്നിരുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ ഭൂരിഭാഗം പേരും കഞ്ചാവിന് അടിമകളായി മാറി കഴിഞ്ഞതായാണ് വിവരം. എന്നാല്‍ ഫലപ്രദമായ പരിശോധനയോ അന്വേഷണമോ നടത്താതെ വിതരണക്കാരെ പിടികൂടി ഉന്നതരെ രക്ഷിക്കുന്ന സമീപനമാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Related posts