മുംബൈ: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍ താരം സ്റ്റീവ് കോപ്പല്‍ ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനാകും. കോപ്പല്‍ ഈ ആഴ്ച കൊച്ചിയിലെത്തുമെന്ന് ടീം ഉടമസ്ഥരിലൊരാളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പറഞ്ഞു. ഡേവിഡ് ജെയിംസിനും പീറ്റര്‍ ടെയിലര്‍ക്കും ശേഷമാണ് കോപ്പല്‍ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്.
ഇംഗ്ലണ്ട് ദേശീയ ടീമിനെ പ്രതിനിധീകരിച്ചിട്ടുള്ള കോപ്പല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 322 മത്സരങ്ങളില്‍നിന്നായി 53 ഗോളുകള്‍ നേടിയിട്ടുണ്ട്. 1984 മുതല്‍ വിവിധ ഫുട്‌ബോള്‍ പരിശീലക വേഷത്തിലെത്തിയ അദ്ദേഹം ക്രിസ്റ്റല്‍ പാലസ്, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബുകളെ കളിപഠിപ്പിച്ചു. ഐഎസ്എലില്‍ കഴിഞ്ഞ സീസണില്‍ ദയനീയ പ്രകടനം കാഴ്ചവെച്ച ബ്ലാസ്റ്റേഴ്‌സിനു ഊര്‍ജം പകരാന്‍ കോപ്പലിന് ആകുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ.