ബുവേനോസ് ആരിസ്: നീലയും വെള്ളയും കലര്‍ന്ന കുപ്പായത്തില്‍ ലയണല്‍ മെസിയെ ഇനിയും കാണാനായേക്കുമെന്നു തോന്നിപ്പിക്കുന്ന കാര്യങ്ങള്‍ സംഭവിക്കുന്നു. അര്‍ജന്റീനയുടെ കുപ്പായത്തില്‍ ഇനിയും ലയണല്‍ മെസിയെ വേണമെന്ന് ഇതിഹാസതാരം ഡിയേഗോ മാറഡോണ ആവശ്യപ്പെട്ടു. ഇതേ ആവശ്യവുമായി അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഫെഡറേഷനും മെസിയെ സമീപിച്ചു. ഇനിയും മെസിയെ അര്‍ജന്റൈന്‍ നിരയില്‍ കാണണമെന്നാണ് തന്റെ ആഗ്രഹമെന്ന് മാറഡോണ പറഞ്ഞു. മെസി അന്താരാഷ്്ട്ര ഫുട്‌ബോളില്‍നിന്നു വിരമിക്കരുതെന്നും അര്‍ജന്റൈന്‍ ദേശീയ ടീമിനൊപ്പം മെസി തുടരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. മെസി തീരുമാനം പുനഃപരിശോധിക്കണമെന്നും 2018ലെ റഷ്യന്‍ ലോകകപ്പ് വരെയെങ്കിലും കളിക്കണമെന്നും മാറഡോണ പറഞ്ഞു.
മികച്ച ഫോമിലുള്ള മെസി ലോകചാമ്പ്യനാകാന്‍ റഷ്യയിലേക്ക് പോകണം. ടീമിനെ മുന്നേറാന്‍ സഹായിക്കുന്ന യുവാക്കളെ കൂടുതലായി ആശ്രയിക്കണം. മെസി വിരമിക്കണമെന്ന് പറയുന്നവര്‍ അര്‍ജന്റൈന്‍ ഫുട്‌ബോളിനു വരാനിരിക്കുന്ന ദുരന്തമെന്തെന്ന് അറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അര്‍ജന്റൈന്‍ ഫുട്‌ബോളിന്റെ അവസ്ഥയില്‍ താന്‍ ദുഃഖിതനും അതോടൊപ്പം ദേഷ്യത്തിലുമാണെന്നും അദ്ദേഹം പറഞ്ഞു. ഏറെ താഴെ പോയെന്നും മാറഡോണ പറഞ്ഞു. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനെയും മാറഡോണ വിമര്‍ശിച്ചു.
കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയോടേറ്റ തോല്‍വിക്ക് പിന്നാലെയാണ് മെസി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഫൈനലില്‍ മെസി പെനാല്‍റ്റി കിക്ക് പാഴാക്കിയിരുന്നു.
താന്‍ നഷ്ടമാക്കിയ പെനാല്‍റ്റി നിര്‍ണായകമായി. അര്‍ജന്റീനയ്‌ക്കൊപ്പം ചാമ്പ്യനാകാന്‍ ആവുന്നരീതിയിലെല്ലാം പരിശ്രമിച്ചു പക്ഷേ, അതു സംഭവിച്ചില്ല. ആലോചിച്ചപ്പോള്‍ ദേശീയ ടീമിനൊപ്പമുള്ള കളിജീവിതം അവസാനിപ്പിക്കാന്‍ ഉചിതമായ സമയം ഇതാണെന്നു തോന്നിയെന്നും മെസി പറഞ്ഞിരുന്നു. അതിനിടെ, ശതാബ്ദി കോപ്പയിലെ ഞെട്ടിക്കുന്ന തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു വിരമിച്ച സൂപ്പര്‍ താരം ലയണല്‍ മെസി തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അര്‍ജന്റൈന്‍ പ്രസിഡന്റ് മൗറിസ്യോ മക്രി ഈ ആവശ്യമുന്നയിച്ച് മെസിയുമായി സംസാരിച്ചു.
ടെലിഫോണില്‍ മെസിയുമായി സംസാരിച്ച മക്രി മെസിയോട് ദേശീയ ടീമിനൊപ്പം ഇനിയുമുണ്ടാവണമെന്നും വിരമിക്കല്‍ തീരുമാനം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. രാജ്യമൊന്നടങ്കം മെസിയെ ഓര്‍ത്ത് അഭിമാനംകൊള്ളുന്നുവെന്നു പറഞ്ഞ മക്രി വിമര്‍ശകരുടെ നാവടപ്പിക്കാന്‍ ഇനിയും മെസി കളിക്കളത്തിലുണ്ടായേ മതിയാകൂ എന്നും ചൂണ്ടിക്കാട്ടി.
ലാകത്തെ വിവിധ ഫുട്‌ബോള്‍ പണ്ഡിതരും താരങ്ങളും ആരാധകരും മെസി തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ടു. ഫുട്‌ബോള്‍ രാജാവ് പെലെയും ഈ ആവശ്യം ഉന്നയിച്ചു. എന്നാല്‍, തിരിച്ചുവരുന്നതുമായി ബന്ധപ്പെട്ട് മെസി ഇതുവരെ പ്രതികരിച്ചിട്ടില്ല.
പരസ്യക്കാരുടെ സമ്മര്‍ദം
മെസി തിരിച്ചുവരുമെന്നു പറയുന്നതിന് പ്രേരകമാകുന്ന മറ്റൊരു ഘടകം അര്‍ജന്റൈന്‍ ടീമുമായി അഡിഡാസിനുള്ള കരാറാണ്. 2022 വരെ അര്‍ജന്റൈന്‍ ടീമിന്റെ ഒഫീഷ്യല്‍ സ്‌പോണ്‍സര്‍ അഡിഡാസാണ്. കൂടാതെ ഒരു കോടി ഡോളറിന്റെ പ്രത്യേക കരാര്‍ മെസിയുമായും അഡിഡാസിനുണ്ട്. അതുകൊണ്ടുതന്നെ അഡിഡാസിന്റെ കടുത്ത സമ്മര്‍ദം മെസിക്കുമേലുണ്ട്.
എന്നാല്‍, കരാര്‍ ദേശീയ ടീമുമായിട്ടായതിനാല്‍ മെസി കളിയില്‍ തുടരണമെന്ന് നിയമപരമായി വാദിക്കാന്‍ അഡിഡാസിനാവില്ല. അതിനിടെ, മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിച്ചെങ്കിലും അദ്ദേഹവുമായുള്ള വാണിജ്യ കരാര്‍ തുടരുമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. ടാറ്റയുടെ യാത്രാ വാഹനങ്ങളുടെ ആഗോള അംബാസഡറാണ് മെസി.
വിരമിക്കല്‍ തീരുമാനം കരാറിനെ ബാധിക്കില്ലെന്ന് ടാറ്റ വക്താവ് അറിയിച്ചു. കഴിഞ്ഞ നവംബറിലാണ് മെസി ടാറ്റയുമായി രണ്ടു വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചത്.