മേല്‍ക്കൂരയില്ലാത്ത മേല്‍പ്പാലം മാനത്തുനോക്കി സഞ്ചരിക്കണം! റെയില്‍വേ സ്റ്റേഷനില്‍ മേല്‍പ്പാലം പണിതു വര്‍ഷങ്ങള്‍ പിന്നിട്ടു; മേല്‍ക്കൂര പണിയാന്‍ നടപടിയായില്ല

ALP-Palamചേര്‍ത്തല: റെയില്‍വേ സ്റ്റേഷനില്‍ മേല്‍പ്പാലം പണിതു വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും പാലത്തിനു മേല്‍ക്കൂര പണിയാന്‍ നടപടിയായില്ല. ചേര്‍ത്തലയില്‍കൂടി പോകുന്ന ഭൂരിപക്ഷം എക്‌സ്പ്രസ് ട്രെയിനുകളും രണ്ടാംപ്ലാറ്റ് ഫോമിലാണ് നിര്‍ത്താറുള്ളത്. മഴ ശക്തമായി പെയ്യുന്ന ദിവസം ലഗേജുകളുമായി യാത്രക്കാര്‍ വളരെ ആയാസപ്പെട്ടാണ് പാലം കയറിയിറങ്ങി ട്രെയിനില്‍ കയറുന്നത്.

ലഗേജുമായി ട്രെയിനില്‍ നാട്ടിലെത്തുന്നവര്‍ സ്റ്റേഷനുപുറത്തേക്കു പോകാനും ബുദ്ധിമുട്ടുന്നു. തുറവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പണിത മേല്‍പ്പാലത്തിനു മേല്‍ക്കൂരയുണെ്ടങ്കിലും ചേര്‍ത്തലയ്ക്കു ഇപ്പോഴും മേല്‍ക്കൂര അന്യമാണ്. തുറവൂരിനെ അപേക്ഷിച്ച് രണ്ടിരട്ടിയോളം യാത്രക്കാരാണ് ചേര്‍ത്തല റെയില്‍വേസ്റ്റേഷനെ ആശ്രയിക്കുന്നത്. കൂടാതെ ലഗേജുകള്‍ പ്ലാറ്റ്‌ഫോമില്‍ക്കൂടി കൊണ്ടുപോകുന്നതിനു സ്റ്റേഷനില്‍ ട്രോളികള്‍ ഉണെ്ടങ്കിലും ട്രോളിപാത്ത് ഇല്ലാത്തത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. കൂടുതല്‍ ലഗേജുമായി എത്തുന്നവര്‍ എളുപ്പത്തിനായി പാളം മുറിച്ചുകടന്നാണ് അവ മാറ്റുന്നത്. ഇത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. രോഗികളെ വീല്‍ചെയറില്‍ കൊണ്ടുവരുന്നവരാണ് ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നത്. ഇങ്ങനെയുള്ള രോഗികളെ രണ്ടാംപ്ലാറ്റ് ഫോമില്‍നിന്നും ഒന്നാംനമ്പര്‍ പ്ലാറ്റ്‌ഫോമിലേക്കെത്തിക്കാന്‍ എടുത്തുകൊണ്ടുവരേണ്ട സ്ഥിതിയാണുള്ളത്.

കഴിഞ്ഞദിവസം മേല്‍പാലത്തിലൂടെ കൊണ്ടുവന്ന ഒരുരോഗി മറിഞ്ഞുവീണ് പരിക്കേറ്റ സംഭവവും ഉണ്ടായി. ട്രോളിപാത്ത് ഇല്ലാത്തതിനാല്‍ ഒരു പ്ലാറ്റ്‌ഫോമില്‍നിന്നും മറ്റു പ്ലാറ്റ് ഫോമിലേക്ക് ലഗേജുകള്‍ എത്തിക്കുന്നതിനു സ്റ്റേഷനിലെ പോര്‍ട്ടര്‍മാരും കഷ്ടപ്പെടുകയാണ്. തലച്ചുമടുമായി വേണം ഇത് എത്തിക്കുവാന്‍. ചേര്‍ത്തല റെയില്‍വേസ്‌റ്റേഷനില്‍ അടിയന്തിരമായി മേല്‍പ്പാലത്തിനു മേല്‍ക്കുരയും ട്രോളിപ്പാത്തും നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related posts