മൈലുകള്‍ താണ്ടി എം.എ.പ്ലൈ ഫൗണ്ടേഷന്റെ സഹായ ഹസ്തം

pkd-maplyപാലക്കാട്: നൈനിറ്റാള്‍ – ഉത്തരഖണ്ഡ് സംസ്ഥാനത്തിലെ പ്രധാന സുഖവാസകേന്ദ്രങ്ങളിലൊ ന്നായ നൈനിറ്റാള്‍ ജില്ലയില്‍ ഉള്‍പ്പെടുന്ന നക്കുചിറ്റാള്‍ വില്ലേജിലെ കുന്നിന്‍ ചരിവില്‍ സ്ഥിതിചെയ്യുന്ന ആംഗനവാടിക്ക് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി എം.എ.പ്ലൈ ഫൗണ്ടേഷന്‍ മാതൃകയായി. അവധിക്കാലം ആഘോഷിക്കാന്‍ നൈനിറ്റാളില്‍ എത്തിയ ഫൗണ്ടേഷന്‍ സ്ഥാപക ഡയറക്ടര്‍മാരായ അനില നിഖിലും, നിഖില്‍ കൊടിയത്തൂരുമാണ് മനുഷ്യ സ്‌നേഹത്തിന്റെ മഹാസന്ദേശമുയര്‍ത്തി നന്മയുടെ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടത്.

ക്ലബ് മഹീന്ദ്ര റിസോര്‍ട്ടില്‍ താമസത്തിനെത്തിയ ഇവര്‍ ഭക്ഷണശാലയിലെ മാനേജറുമായുള്ള സൗഹൃദ സംഭാഷണത്തിലാണ് ആംഗനവാടിയുടെ ശോചനീയ അവസ്ഥ അറിഞ്ഞത്. തുടര്‍ന്ന് റിസോര്‍ട്ടിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ ആംഗനവാടിയിലെത്തി അവശ്യ സാധനങ്ങള്‍ ചോദിച്ചറിഞ്ഞ് വാട്ടര്‍ പ്യൂരിഫയറും, പാചകത്തിനാവശ്യമായ സാധനങ്ങള്‍ സൂക്ഷിക്കാന്‍ പാത്രങ്ങളും വാങ്ങി നല്‍കി. ഒരു ഗ്രാമവാസിയുടെ മഹാമനസ്കതയില്‍ സ്ഥാപിതമായ ആംഗനവാടി വര്‍ഷങ്ങളായി പരിമിതികളാല്‍ വീര്‍പ്പുമുട്ടുകയാണ്. വിനോദത്തിനായി എത്തിയവരുടെ അപ്രതീക്ഷിത സഹായഹസ്തം ഗ്രാമവാസികളെ അത്ഭുതപ്പെടുത്തി.

തങ്ങളുടെ മക്കള്‍ക്ക് ശുദ്ധജലം കുടിക്കാനാവുമെന്ന സന്തോഷത്തിന്റെ നിര്‍വൃതിയിലാണ് ഈ പാവങ്ങള്‍. റിസോര്‍ട്ടിലെ മാനേജര്‍ ഗോബിന്ദ് സിംഗാണ് ഈ സാമൂഹിക നന്മയ്ക്ക് വഴിയൊരുക്കിയിട്ടുള്ളത്. അപരിചിതത്വത്തിന്റെ അകലം വകവെയ്ക്കാതെ നന്മയിലധിഷ്ഠിതമായ സാമൂഹ്യസേവനം വിനോദ സഞ്ചാരികള്‍ക്ക് ഒരു പുതിയ സന്ദേശം നല്‍കുകയാണ്. ആംഗന്‍വാടി അങ്കണത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ വാട്ടര്‍ പ്യൂരിഫയര്‍, ഗ്രാമപ്രധാന്‍ റീത്ത കര്‍ണ്ണാടക് മഹിന്ദ്രാ മാനേജര്‍ ഗോബിന്ദ് സിംഗില്‍ നിന്നും ഏറ്റുവാങ്ങി.

Related posts