മൊബൈലില്‍ അശ്ലീലസന്ദേശമയച്ച യുവാവ് പിടിയില്‍

EKM-MESSAGEപറവൂര്‍: വ്യാജരേഖ ഉപയോഗിച്ച് സിംകാര്‍ഡ് വാങ്ങി അതുപയോഗിച്ച് സ്ത്രീകള്‍ക്ക് നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്ന വിരുതനെ പോലീസ് പിടികൂടി. കൂട്ടുകാട് കണ്ടാശേരി വീട്ടില്‍ അന്‍സായിയെയാണ് (ഹരീഷ്-31) പറവൂര്‍ പോലീസ് പിടികൂടിയത്. ഇപ്പോള്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന ഇയാള്‍  കുറച്ചുകാലം മുമ്പ് സ്വകാര്യ മൊബൈല്‍ കമ്പനിയിലായിരുന്നു.  അപ്പോള്‍ അവിടെനിന്നും ലഭിച്ചിരുന്ന യുവതിയുടെ തിരിച്ചറിയല്‍ കാര്‍ഡും ഫോട്ടോയും ഉപയോഗിച്ചാണ്  2015 ഡിസംബറില്‍ ഇയാള്‍ സിംകാര്‍ഡ് വാങ്ങിയത്.

ഈ സിംകാര്‍ഡ് മൊബൈലില്‍ ഉപയോഗിച്ച് രാത്രി വീട്ടമ്മമാര്‍ക്കും യുവതികള്‍ക്കും അശ്ലീലസന്ദേശങ്ങള്‍  അയക്കുകയായിരുന്നു പതിവ്. ഫോണില്‍ വിളിച്ചും അശ്ലീലച്ചുവയിലും സംസാരിച്ചിരുന്നു. ശല്യം കൂടുതലായപ്പോഴാണ് വീട്ടമ്മമാര്‍ പറവൂര്‍, വടക്കേക്കര സ്റ്റേഷനുകളില്‍ പരാതി നല്‍കിയത്. ചില സുഹൃത്തുക്കളില്‍ നിന്നാണ് ഇയാള്‍ യുവതികളുടെ ഫോണ്‍നമ്പറുകള്‍ ശേഖരിച്ചിരുന്നത്.  പരാതിക്കാര്‍ ദിവസംതോറും കൂടിയതോടെ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.  ഇതോടെയാണ് പ്രതി പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Related posts