പന്തളം: വിലപിടിപ്പുള്ള മൊബൈല്‍ ഫോണ്‍ നിസാര വിലയ്ക്ക് ലഭിക്കുന്ന നറുക്കെടുപ്പില്‍ വിജയിയായെന്നറിയിച്ച് തുക ഈടാക്കി തപാല്‍ വഴി കളിപ്പാട്ടവും മറ്റും അയച്ച് തട്ടിപ്പ് നടത്തുന്ന സംഘാംഗമെന്ന പേരില്‍ പോലീസ് പിടികൂടി കോടതിയിലെത്തിച്ച യുവാവിനു ജാമ്യം. ഇതിനിടെ സംഭവത്തില്‍ അറസ്റ്റിലായ യുവാവിനു കേസില്‍ പങ്കില്ലെന്നു പറഞ്ഞ് പരാതിക്കാരനും പിന്‍മാറി. ഡല്‍ഹിയിലെ സ്വകാര്യ കമ്പനിയില്‍ ജോലി നോക്കുന്ന മല്ലപ്പള്ളി കീഴ്‌വായ്പൂര് സ്വദേശിയായ യുവാവിനെയാണ് പന്തളം പോലീസ് അറസ്റ്റു ചെയ്ത് ഇന്നലെ അടൂര്‍ കോടതിയില്‍ ഹാജരാക്കിയത്.
മെഴുവേലി അയത്തില്‍ തെങ്ങുംപ്ലാവില്‍ അശോക് ബാബുവിന്റെ പരാതിയിലാണ് അറസ്റ്റ്. ജൂണ്‍ ആദ്യം അശോക്ബാബുവിന്റെ ഫോണിലേക്ക് ഒരു പ്രമുഖ കമ്പനിയുടെ പേരില്‍ വന്ന കോളില്‍, കമ്പനിയുടെ പ്രത്യേക പാക്കേജിന്റെ ഭാഗമായി നടത്തിയ നറുക്കെടുപ്പില്‍ വിജയിയായെന്നും സമ്മാനമായ 25,000 രൂപയുടെ ഫോണ്‍ തപാലില്‍ ലഭിക്കുമെന്നും അറിയിച്ചു. ഇത് പ്രകാരം ഇലവുംതിട്ട പോസ്റ്റ് ഓഫീസില്‍ എത്തിയ പാഴ്‌സല്‍ 3000 രൂപ വിപിപി അടച്ച് കൈപ്പറ്റുകയും ചെയ്തു. വീട്ടിലെത്തി പാഴ്‌സല്‍ തുറന്നപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി അറിയുന്നത്. ചെറിയ ഒരു ആള്‍രൂപവും കളിപ്പാട്ടവുമാണ് പാഴ്‌സലില്‍ ഉണ്ടായിരുന്നതെന്നു പരാതിയില്‍ പറയുന്നു.
പത്തനംതിട്ട പോലീസ് മേധാവിക്കു പരാതി നല്കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ ഡല്‍ഹിയില്‍ നിന്ന് പിടികൂടിയത്. ഡല്‍ഹിയില്‍ മൂന്ന് നിലകളുള്ള ഒരു ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്താണ് സംഘം തട്ടിപ്പ് നടത്തി വന്നിരുന്നതെന്ന് പോലീസ് പറയുന്നു. പല ഭാഷകളില്‍ സന്ദേശം നല്കിയാണ് വിവിധ സംസ്ഥാനങ്ങളിലുള്ളവരെ സംഘം വലയില്‍ വീഴ്ത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു. ഇവരുടെ കെണിയില്‍ പെട്ടവരില്‍ പലര്‍ക്കും നഷ്ടപ്പെട്ടത് ചെറിയ തുകയായതിനാല്‍ പരാതി നല്കാന്‍ തയാറായില്ലെന്നും പോലീസ് പറഞ്ഞു.
പോലീസ് പിടിയിലായ മല്ലപ്പള്ളി സ്വദേശി ഏതാനും ദിവസം മുമ്പാണ് സ്ഥാപനത്തില്‍ ജോലിക്കു കയറിയത്. സ്ഥാപനത്തിന്റെ പേരില്‍ ഇയാള്‍ ഉപയോഗിച്ച ഫോണ്‍ നമ്പരിന്റെ പേരിലാണ് അറസ്റ്റെന്നും പറയുന്നു. എന്നാല്‍ മൊബൈല്‍ തന്റേതല്ലെന്ന നിലപാടിലാണ് യുവാവ്. ഇതിനിടെ പരാതിക്കാരനായ അശോക് ബാബുവിനു നഷ്ടമായ 3000 രൂപ തിരികെ മണിയോര്‍ഡറായെത്തി. പണം സ്ഥാപനത്തില്‍ നിന്ന് അയച്ചതായി മറുപടി നല്‍കിയതിന്റെ പേരിലാണ് മല്ലപ്പള്ളി സ്വദേശിയെ കേസില്‍ കുടുക്കിയതെന്നും പറയുന്നു. പണം ലഭിച്ചതോടെ അശോക് ബാബു കേസില്‍ നിന്നു പിന്‍മാറി.
എന്നാല്‍, തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു നടത്തിയ അന്വേഷണമായതിനാല്‍ പരാതി പിന്‍വലിക്കാനാകില്ലെന്ന നിലപാടിലാണ് പോലീസ്. തുടര്‍ന്ന് അറസ്റ്റിലായ യുവാവിനെ അടൂര്‍ കോടതിയില്‍ ഹാജരാക്കിയെങ്കിലും കോടതി ജാമ്യം അനുവദിച്ചു. ജില്ലാ പോലീസ് ചീഫ് ഹരിശങ്കറുടെ നിര്‍ദേ ശ പ്രകാരം അടൂര്‍ ഡിവൈഎസ്പി എസ്.റഫീഖ്, സിഐ ആര്‍.സുരേഷ്, എസ്‌ഐമാരായ റ്റി.എം.സൂഫി, രമേശ്, കോന്നി പ്രിന്‍സിപ്പല്‍ എസ്‌ഐ വിനോദ്കുമാര്‍, ഷാഡോ പോലീസ് അംഗങ്ങളായ ശ്യാംലാല്‍, അജി ശാമുവല്‍, ബിജു മാത്യു എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.