വെച്ചൂച്ചിറ: സ്ഥിരമായ മോട്ടോര്‍ തകരാറും പമ്പിംഗിലെ താളപ്പിഴകളും കാരണം വെച്ചൂച്ചിറ ജലവിതരണ പദ്ധതിയില്‍ നിന്നുള്ള ജലവിതരണം തടസപ്പെട്ടു. വേനലിലും മഴക്കാലത്തും വെച്ചൂച്ചിറ പദ്ധതിയില്‍ നിന്നുള്ള വെള്ളത്തെ മാത്രം ആശ്രയിച്ചു കഴിയുന്നവരാണ് ബുദ്ധിമുട്ടിലായത്. പദ്ധതിയില്‍ നിന്നു ജലം മുടങ്ങുന്നതു സ്ഥിരസംഭവമായി മാറിയിരിക്കുകയാണ്. ജലശുദ്ധീകരണ പ്ലാന്റിലെ മോട്ടോര്‍ തകരാര്‍, പമ്പ് ഹൗസിലെ തകരാറുകള്‍ ഇവ കാരണം ജലവിതരണം മിക്കപ്പോഴും പ്രതിസന്ധിയിലാണ്. ഇതോടൊപ്പം വൈദ്യുതി തകരാറുകളും പമ്പിംഗിനെ ബാധിക്കുന്നു.
റാന്നി താലൂക്കിലെ ഉയര്‍ന്ന ഭൂപ്രദേശമാണ് വെച്ചൂച്ചിറ. മലയോര മേഖലയായതിനാല്‍ കിണറുകളില്‍ സ്ഥിരമായി വെള്ളം ഉണ്ടാകാറില്ല. മഴക്കാലത്തും ഇതേ കാരണത്താല്‍ നാട്ടുകാര്‍ക്ക് ശുദ്ധജലവിതരണ പദ്ധതികളെ ആശ്രയിക്കേണ്ടിവരുന്നു. പെരുന്തേനരുവി കേന്ദ്രീകരിച്ച് ജലവിതരണ പദ്ധതി വന്നതിനുശേഷം ഇതിനെ ആശ്രയിച്ചാണ് നാട്ടുകാര്‍ കഴിയുന്നത്. വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയം, ഗവണ്‍മെന്റ് പോളിടെക്‌നിക്ക്, കുന്നം വിശ്വബ്രാഹ്്മണ കോളജ്, കോളനി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഗ്രാമപഞ്ചായത്ത് ഓഫീസ്, പോലീസ് സ്‌റ്റേഷന്‍, സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെല്ലാം പദ്ധതിയില്‍ നിന്നുള്ള വെള്ളത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. പ
നവോദയ വിദ്യാലയം ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹോസ്റ്റല്‍ സൗകര്യം ഉള്ളതിനാല്‍ കുട്ടികളും അധ്യാപകരും താമസിക്കുന്നുമുണ്ട്. ജലവിതരണ പദ്ധതിയില്‍ നിന്നു പമ്പിംഗ് മുടങ്ങുമ്പോള്‍ ഇത്തരം സ്ഥലങ്ങളില്‍ വെള്ളം വിലയ്ക്കു വാങ്ങേണ്ടിവരുന്നു. അത്യാവശ്യത്തിനു വെള്ളം വാങ്ങാനെത്തുന്നവരില്‍ നിന്ന് വന്‍ വിലയാണ് പലപ്പോഴും ഈടാക്കുന്നത്. പമ്പാനദിയിലെ പെരുന്തേനരുവിയില്‍ നിന്നും വെള്ളം പമ്പു ചെയ്ത് ആശ്രമം പ്ലാന്റില്‍ ശുദ്ധീകരിച്ച് ശുദ്ധീകരിച്ച് വെച്ചൂച്ചിറ പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും പഴവങ്ങാടി, നാറാണംമൂഴി പഞ്ചായത്തുകളില്‍ ഭാഗികമായും കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണിത്.
പമ്പ് ഹൗസുകളില്‍ മിക്കപ്പോഴും സ്‌പെയര്‍ മോട്ടോറുകള്‍ സൂക്ഷിക്കാറുണ്ടെങ്കിലും അടിയന്തരഘട്ടങ്ങളില്‍ ഇവ പ്രവര്‍ത്തനക്ഷമമല്ലായിരിക്കുമെന്നതാണ് സ്ഥിതി. തകരാറിലാകുന്ന മോട്ടോറുകള്‍ കോട്ടയം, എറണാകുളം എന്നിവിടങ്ങളിലെത്തിച്ചാണ് നന്നാക്കുന്നത്. ഇത്തരത്തില്‍ മോട്ടോറുകള്‍ നന്നാക്കി തിരികെ എത്തിക്കുന്നതിലുണ്ടാകുന്ന കാലതാമസം മുടങ്ങുന്ന ജലവിതരണം പുനരാരംഭിക്കുന്നതും വൈകാനിടയാക്കും.