കൊച്ചി: ബൈക്കുകളുടെ ഘടനയില്‍ മാറ്റം വരുത്തി നിരത്തില്‍ ഇറക്കുന്നവരെ കര്‍ശനമായി തടയണമെന്നു ഹൈക്കോടതി. ബൈക്കിന്റെ സൈലന്‍സറും ഹാന്‍ഡിലും അടക്കമുള്ള ഭാഗങ്ങള്‍ മാറ്റി സ്ഥാപിക്കാന്‍ അനുവദിക്കരുത്. ഇത്തരത്തില്‍ നിയമലംഘനം നടത്തിയെന്നു തെളിഞ്ഞാല്‍ ബൈക്കുകളുടെ റജിസ്ട്രേഷന് റദ്ദാക്കണമെന്നും ഗതാഗത സെക്രട്ടറിക്ക് ജസ്റ്റീസ് വി. ചിദംബരേഷ് നിര്‍ദേശം നല്കി.
ഘടനയില്‍ മാറ്റം വരുത്തിയ ബൈക്കിന്റെ ആര്‍സി ബുക്ക് പിടിച്ചെടുത്ത കൊച്ചിയിലെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി ചോദ്യം ചെയ്തുള്ള പരാതി പരിഗണിക്കവേയാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. അതേസമയം ആര്‍സി ബുക്ക് പിടിച്ചെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു അവകാശമില്ലെന്നും ഹൈക്കോടതി ചൂണ്ടികാട്ടി. സൈലന്‍സറില്‍ മാറ്റം വരുത്തിയ ബൈക്കുകള്‍ സൃഷ്ടിക്കുന്ന ശബ്ദമലിനീകരണം പ്രായമായവര്‍ക്കും രോഗികള്‍ക്കും ഒരുപോലെ ദോഷകരമാണെന്നും കോടതി നിരീക്ഷിച്ചു.