മോഷണം: അന്യസംസ്ഥാന തൊഴിലാളികളെ കോടതിയില്‍ ഹാജരാക്കി

COURTകൊല്ലം: നഗരത്തിലെ ആഭരണനിര്‍മാണശാലയില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് പിടിയിലായ അന്യസംസ്ഥാന തൊഴിലാളികളെ കോടതിയില്‍ ഹാജരാക്കി. ബംഗാള്‍ സ്വദേശികളായ സുഭാഷ്(29), മംഗള്‍ പൂജാര്‍(21), അഭിജിത്(29), ചന്ദന്‍(29) എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കിയത്.  ഉളിയക്കോവില്‍ ആരാധനാ നഗറില്‍ വെങ്കിടേശ് എന്നയാളുടെ വീടിനോട് ചേര്‍ന്നുള്ള പണിശാലയില്‍ നിന്നാണ് 38 പവന്‍ സ്വര്‍ണവുമായി തൊഴിലാളികള്‍ കടന്നത്.

സുഭാഷാണ് മോഷണത്തിന്റെ സൂത്രധാരന്‍ എന്ന് പോലീസ് പറഞ്ഞു. ഒരു മാസം മുമ്പാണ് അഭിജിത്തും മംഗളും ഇവിടെ ജോലിക്കെത്തിയത്. സുഭാഷിനെ കരുനാഗപ്പള്ളിയിലേയ്ക്ക് കയറ്റിവിടുന്നതിനായി കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റില്‍ വെങ്കിടേശ് കൊണ്ടുചെന്നാക്കുന്ന സമയത്താണ് അഭിജിത്തും മംഗളും സുഭാഷിന്റെ നിര്‍ദേശപ്രകാരം സ്വര്‍ണവുമായി കടന്നത്. ഇവരോട് മൊബൈല്‍ ഓഫാക്കാനും സുഭാഷ് നിര്‍ദേശിച്ചിരുന്നു.

കൊല്ലത്ത് നിന്ന് പാലക്കാട് വരെ ബസില്‍ യാത്രചെയ്ത പ്രതികള്‍ അവിടെ നിന്ന് അര്‍ധരാത്രി തിരുവനന്തപുരം ഷാലിമാര്‍ എക്‌സ്പ്രസില്‍ കയറി. ഇവര്‍ ഈ ട്രെയിനില്‍ സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയ മോഷണവിരുദ്ധ സ്ക്വാഡിലെ അംഗങ്ങള്‍ കൊല്ലം റയില്‍വേസ്റ്റേഷനില്‍ നിന്ന് അതേ ട്രെയിനില്‍ കയറിയിരുന്നു. ട്രെയിന്‍ഈറോഡ് എത്തിയപ്പോള്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ സഞ്ചരിച്ചിരുന്ന പ്രതികളെ മോഷണവിരുദ്ധസ്ക്വാഡ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Related posts