മോഷണക്കേസ്: യുവതിക്ക് നാലുവര്‍ഷം കഠിനതടവ്

COURTകൊല്ലം: മോഷണക്കേസില്‍ യുവതിക്ക് നാലുവര്‍ഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. മലപ്പുറം ചെട്ടിപ്പാടിയ തെക്കകത്ത് വീട്ടില്‍ നസീമയെ (38) യാണ് കൊല്ലം പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് കെന്നത്ത് ജോര്‍ജ് ശിക്ഷിച്ചത്. ഇരവിപുരം മയ്യനാട് കാരിക്കുഴി എം.എസ്.വില്ലയില്‍ മധുസൂദനന്റെ വീട്ടില്‍ മോഷണം നടത്തിയ കേസിലാണ് വിധി. പിഴ ഒടുക്കിയില്ലെങ്കില്‍ രണ്ടുമാസം കൂടി തടവ് അനുവദിക്കണം.

2005 ജനുവരി 14-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പരാതിക്കാരന്റെ ഭാര്യാമാതാവിന് സുഖമില്ലാത്തിനെ തുടര്‍ന്ന് സ്വകാര്യ സംഘടനയില്‍ നിന്ന് ഹോംനേഴ്‌സിനെ ആവശ്യപ്പെട്ടു.അങ്ങനെയാണ് നസീമയെ ഇവര്‍ ഹോംനേഴ്‌സായി അയച്ചത്. അടുത്തദിവസം തന്നെ ഇവര്‍ മധുസൂദനന്റെ ഭാര്യയെയും അവരുടെ അമ്മയെയും മയക്കുമരുന്ന് കൊടുത്ത് ബോധം കെടുത്തി ഇവരുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും വിദേശ നിര്‍മിത പാത്രങ്ങളും കവര്‍ന്നെടുത്ത് കടക്കുകയായിരുന്നു. രണ്ടാം പ്രതി വിന്‍സ്റ്റണ്‍ ഫെര്‍ണാണ്ടസിന്റെ സഹായത്തോടെയാണ് യുവതി രക്ഷപ്പെട്ടത്.

മലപ്പുറം പോലീസ് മറ്റൊരു കേസില്‍ ഇരുവരെയും പിടികൂടിയപ്പോഴാണ് മയ്യനാട് നടത്തിയ മോഷണത്തിന്റെ ചുരുളഴിഞ്ഞത്. തുടര്‍ന്ന് ഇരുവരെയും കൊല്ലം ഈസ്റ്റ്‌പോലീസ് അറസ്റ്റ് ചെയ്ത് തൊണ്ടിമുതലുകളും കണ്ടെടുക്കുകയുമുണ്ടായി.തുടര്‍ന്ന് കേസിന്റെ വിചാരണയ്‌ക്കൊടുവില്‍ നസീമ കുറ്റക്കാരിയാണെന്ന് നിരീക്ഷിച്ച ദിവസം ഇവര്‍ ഒളിവില്‍ പോയി. കേസിലെ രണ്ടാം പ്രതിയെ കോടതി വെറുതേവിടുകയും ചെയ്തു. തുടര്‍ന്ന് വീണ്ടും നസീമയെ മലപ്പുറം പോലീസ് അറസ്റ്റ്‌ചെയ്ത് ഈസ്റ്റ് പോലീസിന്റെ സഹായത്തോടെ കൊല്ലത്ത് കോടതിയില്‍ ഹാജരാക്കി. ശിക്ഷയെപ്പറ്റി ചോദിച്ചപ്പോള്‍ താന്‍ നസീമ അല്ലെന്നായിരുന്നു ഇവരുടെ മറുപടി.

കോടതി ഉടന്‍തന്നെ ഈസ്റ്റ് എസ്‌ഐയെ വിളിച്ചുവരുത്തി പ്രതിയുടെ ജാമ്യച്ചീട്ടിലുള്ള വിരലടയാളവും പോലീസിന്റെ കേസ് ഡയറിയിലുള്ള വിരലടയാളങ്ങളും കോടതി മുമ്പാകെ പ്രതിയില്‍ നിന്നെടുത്ത വിരലടയാളവും ഉടന്‍ ഫിംഗര്‍ പ്രിന്റ് ബ്യൂറോയിലേക്ക് വിശദമായ പരിശോധനയ്ക്ക് അയച്ചു.പരിശോധനയില്‍ നസീമ തന്നെ പ്രതിയെന്ന് തെളിഞ്ഞു. തുടര്‍ന്ന് ഇവരെ ശിക്ഷിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അയച്ചു. സമാനമായ നിരവധി കേസുകളില്‍ പ്രതിയാണ് നസീമ. കേസില്‍ പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂറ്ററുമായ ആല്‍ബര്‍ട്ട് പി.നെറ്റോ, അഡ്വ.അനന്ത പദ്മനാഭന്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.

Related posts