മോഷ്ടിച്ച ഉണക്കച്ചെമ്മീന്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയില്‍; കിലോയ്ക്ക് 400 രൂപ വിലവരുന്ന 18 ചാക്ക് ചെമ്മിനാണ് മോഷ്ടിച്ചത്

ktm-ajmalchemmenഏറ്റുമാനൂര്‍: മോഷ്ടിച്ച ഉണക്കച്ചെമ്മീന്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയിലായി. ആലപ്പുഴ മണ്ണഞ്ചേരി പൊക്കലയില്‍ അജ്മലി(28)നെയാണ് ഏലപ്പാറയില്‍വച്ച് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ മൂന്നിനു രാത്രി അതിരമ്പുഴ മാര്‍ക്കറ്റിലെ ഉണക്കമീന്‍ മൊത്തവില്പനകേന്ദ്രം കുത്തിത്തുറന്നാണ് ഇയാള്‍ ഉണക്കച്ചെമ്മീന്‍ കടത്തിയത്. വിപണിയില്‍ കിലോഗ്രാമിന് 400 രൂപ വിലവരുന്ന 150 കിലോ ചെമ്മീനാണ് മോഷ്ടിച്ചത്. 18 ചാക്കുകളില്‍ നിറച്ച് പെട്ടിഓട്ടോയിലാണ് മീന്‍ കടത്തിയത്.

മോഷണവിവരം അറിഞ്ഞ കടയുടമ അതിരമ്പുഴ ശ്രീകണ്ഠമംഗലം മൂലേക്കരിയില്‍ ജോയിസ് ആന്‍ഡ്രൂസ് ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് മോഷണവിവരം മറ്റു സ്റ്റേഷനുകളിലും ഉണക്കമീന്‍ മൊത്തവ്യാപാര കേന്ദ്രങ്ങളിലും അറിയിച്ചു. ഇതേത്തുടര്‍ന്ന് ഏലപ്പാറയിലെ മാര്‍ക്കറ്റില്‍ പെട്ടിഓട്ടോയില്‍ ഉണക്കച്ചെമ്മീന്‍ അജ്മല്‍ വില്പനയ്ക്ക് എത്തിച്ചപ്പോള്‍ വ്യാപാരികള്‍ പോലീസില്‍ വിവരമറിയിച്ചു. വ്യാപാരികളുടെ സഹായത്തോടെ ഏറ്റുമാനൂര്‍ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഏറ്റുമാനൂര്‍ എസ്‌ഐ അനൂപ് ജോസിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ വിജിമോന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനില്‍കുമാര്‍, എം.കെ.അശോകന്‍ എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Related posts