സ്വന്തം ലേഖകൻ
മട്ടന്നൂർ: മോഷണങ്ങളും അപകടങ്ങളും തടയുന്നതിനു മട്ടന്നൂർ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച നിരീക്ഷണ കാമറകളുടെ പ്രവർത്തനം നിലച്ചു. വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച മുഴുവൻ കാമറകളാണ് പ്രവർത്തന രഹിതമായത്. നിലവിൽ തളിപ്പറമ്പ് ഡിവൈഎസ്പിയായ കെ.വി.വേണുഗോപാൽ മട്ടന്നൂർ സിഐയായിരിക്കുമ്പോഴാണ് മട്ടന്നൂർ നഗരം പോലിസ് നിരീക്ഷണത്തിലാക്കുന്നതിനു സിസിടിവി കാമറ സ്ഥാപിച്ചത്.
ബസ് സ്റ്റാൻഡ്, മാർക്കറ്റ്, തലശേരി, കണ്ണൂർ, ഇരിട്ടി റോഡുകളിലായി എട്ടു സ്ഥലങ്ങളിലാണ് കാമറ സ്ഥാപിച്ചത്. കാമറ സ്ഥാപിച്ചതോടെ നിരവധി അപകടങ്ങൾക്ക് തെളിവ് ലഭിക്കുകയും കുഴൽ പണം തട്ടിയെടുത്ത പോലീസുകാരനെ ഉൾപ്പെടെ പിടികൂടാനും സാധിച്ചിരുന്നു. മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ വച്ചു കാമറയിലൂടെ നഗരം നിരീക്ഷിക്കാനും ഒരു സിവിൽ പോലീസുകാരനെ നിയോഗിക്കുകയും ചെയ്തിരുന്നു.
സ്ഥാപിച്ച മുഴുവൻ കാമറകളും തകരാറിലായതോടെ പോലീസിന്റെ ടൗൺ നിരീക്ഷണവും നിലച്ച നിലയിലാണ്. കാമറ പ്രവർത്തന രഹിതമായിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും നന്നാക്കാനോ മാറ്റി സ്ഥാപിക്കാനോ പോലീസ് തയാറാവുന്നില്ല. കാമറ സ്ഥാപിച്ച തൂണുകളിൽ പരസ്യ ബോർഡുകൾ നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ മാസം ഇരിട്ടി റോഡിൽ പെട്രോൾ പമ്പിനു സമീപത്തുവച്ചു ബൈക്കിടിച്ചു ചാവശേരി സ്വദേശി മരിച്ചിരുന്നു.
അപകടത്തിനിടയാക്കിയ ബൈക്ക് നിർത്താതെ പോയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. പോലീസിന്റെ രണ്ടു സിസിടിവി കാമറയുള്ള സ്ഥലത്താണ് അപകടമുണ്ടായിരുന്നത്. കാമറ പ്രവർത്തിച്ചിരുന്നുവെങ്കിൽ ബൈക്ക് പിടികൂടാൻ കഴിയുമായിരുന്നു.
കണ്ണൂർ ജില്ലയിൽ കണ്ണൂരിലും തലശേരിക്കും പുറമെ മട്ടന്നൂരിലായിരുന്നു ആദ്യമായി നിരീക്ഷണ കാമറ സ്ഥാപിച്ചിരുന്നത്. കാമറ പ്രവർത്തിക്കുമ്പോൾ തന്നെ ഒരു വർഷം മുമ്പ് മട്ടന്നൂർ, ഉരുവച്ചാൽ, വിമാനത്താവള റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ 30 ൽ അധികം കാമറകൾ സ്ഥാപിക്കുമെന്ന് പറഞ്ഞ് പോലീസ് വലിയ ഉദ്ഘാടന പരിപാടി ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയിരുന്നു. ജില്ലാ പോലീസ് മേധാവിയായിരുന്നു ഉദ്ഘാടനം നടത്തിയത്.
എന്നാൽ ഇതുവരെ കാമറകൾ സ്ഥാപിക്കുകയോ നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. കാലവർഷം ആരംഭിച്ചതോടെ മോഷ്ടാക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും ശല്യം വർധിക്കും. കാമറകൾ ഇല്ലാത്തതു കൊണ്ട് കുറ്റവാളികൾ കണ്ണിൽ പെടാതെ രക്ഷപ്പെടുകയും ചെയ്യും. മോഷണത്തിനും അപകടങ്ങൾക്കും തെളിവ് ലഭിക്കുന്ന കാമറകൾ സ്ഥാപിക്കാൻ നഗരസഭയും പോലീസും തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.