യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി കൂത്താട്ടുകുളത്ത് അനധികൃത പാര്‍ക്കിംഗ്

ekm-parkingകൂത്താട്ടുകുളം: എംസി റോഡിലെ അനധികൃത പാര്‍ക്കിംഗ് ഗതാഗത തടസത്തിനും  യാത്ര ദുരിതത്തിനും കാരണമാകുന്നതായി പരാതി. മേരിഗിരി സ്കൂള്‍ കവല മുതല്‍ ഗവ.യുപി സ്കൂള്‍ കവലവരെയുള്ള ഭാഗത്തെ പാര്‍ക്കിംഗ് സംബന്ധിച്ച്  പ്രത്യേക നിര്‍ദേശം നല്‍കാന്‍ അധികൃതര്‍ തയ്യാറാകാത്തതാണ് ഗതാഗതകുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്നത്.

ഏതു വാഹനവും എവിടെയും ഇട്ടിട്ട് പോകാമെന്ന അവസ്ഥയാണ് ടൗണില്‍. നഗരസഭ ഇതു സംബന്ധിച്ച് നിലപാട് എടുക്കാത്തതാണ് പ്രശ്‌നമെന്ന് നാട്ടുകാര്‍ പറയുന്നു. കാല്‍നടയാത്രക്കാര്‍ക്ക് റോഡ് അരികു വഴി നടന്നു പോകാന്‍ പറ്റാത്ത തരത്തിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ടൗണിലെ അഞ്ചു സ്കൂളുകളിലേക്ക് നടന്നു പോകുന്ന കുട്ടികള്‍ക്കാണ് ഏറെ പ്രയാസം നേരിടുന്നത്. സ്ഥിരം അപകടമേഖലയായ സബ് സ്‌റ്റേഷന്‍ കവലയില്‍ ഇരുവശങ്ങളിലും റോഡില്‍ ടാറിംഗിന്റെ പകുതിയോളം അപഹരിച്ചാണ് ബസുകളും ലോറികളും പാര്‍ക്ക് ചെയ്യുന്നത്.

കെഎസ്ആര്‍ടിസി ബസ് സ്‌റ്റോപ്പ്, ദേവമാത കവല, എസ്ബിടി കവല, സെന്‍ട്രല്‍ കവല, ഓണംകുന്ന് കാവ്, രാമപുരം കവല തുടങ്ങി എംസി റോഡിന്റെ ഇരുവശങ്ങളിലും തോന്നുന്നതു പോലെയാണ് പാര്‍ക്കിംഗ്. ചിലയിടങ്ങളില്‍ മാത്രം നോ പാര്‍ക്കിംഗ് ബോര്‍ഡ് ഉണ്ടെങ്കിലും ആരും കണ്ടതായി പോലും ഭാവിക്കില്ല. എംസി റോഡുവഴി പോകുന്ന ദീര്‍ഘദൂര യാത്രക്കാരും, കെഎസ്ആര്‍ടിസി ബസുകളുമാണ് അനധികൃത പാര്‍ക്കിംഗ്മൂലം ഏറെ പ്രയാസം നേരിടുന്നത്.

മൂവാറ്റുപുഴ ഭാഗത്തുനിന്നും ബസുകള്‍ കയറുന്ന ഗവ.ആശുപത്രിതാഴം മുതല്‍ അശ്വതി കവലവരെയും, ബസുകള്‍ ഇറങ്ങി പോകുന്ന സ്വകാര്യ സ്റ്റാന്റിനു മുന്‍വശവും മാര്‍ക്കറ്റ് റോഡിലുമാണ് പാര്‍ക്കിംഗ്മൂലം ഏറെ പ്രയാസം നേരിടുന്നത്.പത്തു മിനിറ്റോളം കാത്തു കിടന്നാണ് പലപ്പോഴും ബസുകള്‍ പോകുന്നതെന്ന് യാത്രക്കാര്‍ പറയുന്നു. മദ്യ വില്‍പനശാലയില്‍ എത്തുന്ന വാഹനങ്ങളാണ്, അശ്വതിക വല മുതല്‍ സ്വകാര്യ സ്റ്റാന്റ്‌വരെയുള്ള ഭാഗത്ത് മാര്‍ഗതടസം സൃഷ്ടിക്കുന്നത്.

Related posts