യാത്രാദുരിതം: നാട്ടുകാര്‍ ഒത്തുചേര്‍ന്നു പാലം നിര്‍മിച്ചു

alp-palamനീലംപേരൂര്‍: യാത്രചെയ്യാന്‍ വഴിയില്ലാതായതോടെ നാട്ടുകാര്‍ ചേര്‍ന്ന് തോടിനു കുറുകെ പാലം നിര്‍മിച്ച് വഴിയൊരുക്കി. നീലംപേരൂര്‍ പഞ്ചായത്ത് പത്താം വാര്‍ഡില്‍ കോഴിച്ചാല്‍ വടക്കു പാടശേഖരത്തിന്റെ തെക്കേബണ്ടില്‍ താമസിക്കുന്ന ജനങ്ങളാണ് സ്വന്തം ചിലവില്‍ തോടിനു കുറുകെ പാലം നിര്‍മിച്ചത്. കോഴിച്ചാല്‍ തെക്ക്–വടക്ക് പാടശേഖരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടാണ് പൂര്‍ണമായും തടിയില്‍ തീര്‍ത്ത പാലം നിര്‍മിച്ചിരിക്കുന്നത്. പാലം നിര്‍മിച്ചതോടെ ഇവിടുത്തെ ജനങ്ങള്‍ക്ക് വളരെ വേഗം കാവാലം തുരുത്തി പിഡബ്ല്യുഡി റോഡിലേക്ക് എത്താന്‍ സാധിക്കും. മുമ്പ് സ്ത്രികളും കുട്ടികളും അടക്കമുള്ളവര്‍ ചെങ്ങാടത്തിലും വള്ളത്തിലുമായി തോടുകടന്ന് റോഡില്‍ എത്തിയാണ് യാത്രചെയ്തിരുന്നത്.

മഴപെയ്താല്‍ യാത്ര ദുസ്സഹമാകുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. വള്ളങ്ങളില്‍ തോട് കടന്ന് പ്രധാന റോഡില്‍ എത്തുമ്പോള്‍ ബസ് കിട്ടാതെ പലപ്പോഴും സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ തിരികെ വീട്ടിലേക്ക് മടങ്ങിപ്പോരുന്നതും പതിവായിരുന്നു. ഇതിനെ തുടര്‍ന്നാണു പ്രദേശത്തെ കുടുംബങ്ങള്‍ ചേര്‍ന്ന് തോടിനു കുറുകെ താല്ക്കാലികമായി തടിപ്പാലം നിര്‍മിച്ചത്. കോഴിച്ചാല്‍ വടക്ക്–തെക്ക് പാടശേഖരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് സ്ഥിരംപാലം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് നീലംപേരൂര്‍ പഞ്ചായത്തിനും കുട്ടനാട് എംഎല്‍എക്കും നിവേദനം നല്‍കിട്ടുണ്ട്.

Related posts