ആലപ്പുഴ/തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരങ്ങള്‍ നടക്കുന്ന സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും യുഡിഎഫിന്റെ പ്രധാന എതിരാളി ബിജെപിയാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കാസര്‍ഗോഡ്, മഞ്ചേശ്വരം തുടങ്ങിയ മണ്ഡലങ്ങളില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തു പോകും. ബിജെപി ശക്തമായി മത്സരിക്കുന്നതു യുഡിഎഫ് സ്ഥാനാര്‍ഥികളുമായിട്ടാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിലും പ്രധാന എതിരാളി ബിജെപിയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തി ന്യൂനപക്ഷ വോട്ടുകള്‍ ശേഖരിക്കാനുള്ള ഉമ്മന്‍ ചാണ്ടിയുടെ ഗൂഢശ്രമമാണു വീണ്ടും നടക്കുന്നതെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു. ബിജെപിയുമായി തെരഞ്ഞെടുപ്പില്‍ ഒത്തുകളിച്ചാല്‍ യുഡിഎഫിന്റെ തോല്‍വിയുടെ ആഘാതം കൂടുമെന്നും ന്യൂനപക്ഷ വോട്ട് നേടാന്‍ ഉമ്മന്‍ ചാണ്ടി അരുവിക്കരയില്‍ പറഞ്ഞ കള്ളം ആവര്‍ത്തിക്കുകയാണെന്നും എം.എ.ബേബി പറഞ്ഞു.
എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന തള്ളി കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ രംഗത്തു വന്നതു ശ്രദ്ധേയമായി. യുഡിഎഫിന്റെ പ്രധാന എതിരാളി എല്‍ഡിഎഫ് തന്നെയാണെന്നും മത്സരം ഇടതുസ്ഥാനാര്‍ഥികളുമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.