യുഡിഎഫ് ഈ തെരഞ്ഞെടുപ്പോടെ ഇല്ലാതാകും; ഇനിയൊരു ജിഷമാരുണ്ടാകാതിരിക്കാനുള്ള ജനവിധിയാണിതെന്നും പിണറായി വിജയന്‍

pinarayiതലശേരി: യുഡിഎഫ് ഈ തെരഞ്ഞെടുപ്പോടെ ഇല്ലാതാകുമെന്നും ഇനിയൊരു ജിഷമാരുണ്ടാകാതിരിക്കാനുള്ള ജനവിധിയാണിതെന്നും ധര്‍മടം നിയോജക മണ്ഡലം ഇടതു മുന്നണി സ്ഥാനാര്‍ഥി പിണറായി വിജയന്‍. പിണറായി ആര്‍സി അമല ബേസിക് സ്കൂളിലെ 136-ാം നമ്പര്‍ ബൂത്തില്‍ കുടുംബത്തോടൊപ്പമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഷക്കുണ്ടായതു പോലെയുള്ള ദുരന്തം ഇനിയുണ്ടാകരുത്. നാടിന്റെ നൊമ്പരമാണ് ജിഷ. ജിഷയുടെ ഘാതകരെ ഇതുവരെ പിടികൂടാനായിട്ടില്ല.

ഭരണത്തിലിരുന്ന് നടത്തിയ ദുഷ്‌ചെയ്തികള്‍ നാടിന്റെ ക്രമസമാധാനം തകര്‍ത്തു. ജനവിരുദ്ധ നയങ്ങളും ആര്‍ക്കും അംഗീകരിക്കാന്‍ പറ്റാത്ത വൃത്തികേടുകളുമാണ് യുഡിഎഫ് നടപ്പിലാക്കിയിട്ടുള്ളത്. ഇതിനു നേതൃത്വം കൊടുത്തവര്‍ അധികരത്തിലുണ്ടാകരുതെന്ന് ജനങ്ങള്‍ കരുതുന്നു. കേരളത്തില്‍ മത നിരപേക്ഷത പ്രധാനമാണ്. മതനിരപേക്ഷതക്ക് പോറലേല്‍പ്പിക്കുന്ന നടപടികള്‍ കൈക്കൊള്ളുന്നവരെ യുഡിഎഫ് സഹായിക്കുന്നുണ്ടെന്നത് ജനങ്ങള്‍ ഗൗരവമായി കാണുന്നു. മതനിരപേക്ഷത തടസപ്പെടുത്തുന്നവര്‍ ഒറ്റപ്പെടും. യുഡിഎഫ് വലിയ തകര്‍ച്ചയിലേക്ക് നീങ്ങും. ഇടതു മുന്നണിക്ക് വന്‍ മുന്നേറ്റമുണ്ടാകുമെന്നും പിണറായി തുടര്‍ന്നു പറഞ്ഞു. ഭാര്യ കമല, മക്കളായ വിവേക്, വീണ എന്നിവര്‍ക്കൊപ്പമാണ് പിണറായി വോട്ട്‌ചെയ്യാനെത്തിയത്.

Related posts