യുവതിയെ ഗര്‍ഭിണിയാക്കി റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച സംഭവം: മുഖ്യപ്രതി മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി

perganകൊച്ചി: ഗര്‍ഭിണിയായ യുവതിയെ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞ സംഭവത്തില്‍ ഒന്നാം പ്രതി അബ്ദുള്‍ റഹ്മാന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. സംഭവം നടന്ന് ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനായിട്ടില്ല. സംഭവത്തിനു ശേഷം ഒളിവില്‍ പോയ അബ്ദുള്‍ റഹ്മാനു വേണ്ടി പോലീസ് അന്വേഷണം ശക്തമാക്കിയിരുന്നെങ്കിലും പിടികൂടാനായില്ല. സംഭവത്തില്‍ അബ്ദുള്‍ രഹ്മാന്റെ അമ്മ ജാസ്മിനെയും അവരുടെ അടുപ്പക്കാരന്‍ അരുണ്‍ ഗോപാലിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അബ്ദുള്‍ റഹ്മാന്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യതകള്‍ പരിഗണിച്ച് ഇയാളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുന്നതിനടക്കമുള്ള നടപടികള്‍ പോലീസ് എടുത്തിരുന്നു.

മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയ സാഹചര്യത്തില്‍ ഹൈക്കോടതിയുടെ വിധി എന്താകുമെന്ന് നിരീക്ഷിച്ച ശേഷം മറ്റു നടപടികളിലേക്ക് കടക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യം കോടതി തള്ളുമെന്നാണ് പോലീസ് കരുതുന്നത്.

മാതാപിതാക്കള്‍ വളരെ ചെറുപ്പത്തിലെ മരിച്ച ആലപ്പുഴ സ്വദേശിനിയായ യുവതിയെയാണ് പ്രതി ഗര്‍ഭിണിയാക്കിയശേഷം ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. അമ്മൂമ്മയുടെ സംരക്ഷണത്തിലായിരുന്നു യുവതി കഴിഞ്ഞിരുന്നത്. എന്നാല്‍, രണ്ട് വര്‍ഷം മുന്‍പ് അമ്മൂമ്മ മരിച്ചതിനെത്തുടര്‍ന്ന് വീടുകളില്‍ ജോലി ചെയ്താണ് ഇവര്‍ ജീവിച്ചിരുന്നത്. അബ്ദുള്‍ റഹ്മാന്റെ വീട്ടില്‍ എത്തുന്നതിന് മുമ്പ് പാലക്കാട് ഒരു വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു.

പത്രത്തില്‍ പരസ്യം കണ്ടാണ് അബ്ദുള്‍ റഹ്മാന്റെ അമ്മൂമ്മയുടെ സഹായത്തിന് യുവതി എത്തുന്നത്. പിന്നീട്, അബ്ദുള്‍ റഹ്മാന്റെ കാക്കനാടുള്ള ഫ് ളാറ്റില്‍ ഇയാളുടെ അനുജത്തിയെ നോക്കാനായി ജാസ്മിന്‍ എത്തിക്കു കയായിരുന്നു. ഇവിടെ വച്ച് ഇവര്‍ പ്രണയത്തിലാകുകയും യുവതി ഗര്‍ഭിണിയാകുകയുമായിരുന്നുവെന്നു പോലീസ് പറഞ്ഞു.

ജാസ്മിന്റെ അടുപ്പക്കാരന്‍ അരുണ്‍ ഗോപാലും ഇവരുടെ കൂടെ തന്നെയായിരുന്നു താമസം. അബ്ദുള്‍ റഹ്മാന്‍ യുവതിയോട് അടുത്തിടപഴകുന്നത് ജാസ്മിന്റെ മൗനാനുവാദത്തോടെ ആയിരുന്നു. അവരും കാമുകനും തമ്മിലുള്ള ബന്ധത്തിന് തടസം ആകാതിരിക്കാനാണ് അബ്ദുള്‍ റഹ്മാന് ഇതിന് അനുവാദം കൊടുത്തത്.

പിന്നീട്, പെണ്‍കുട്ടി ഗര്‍ഭിണി ആയതോടെ അബ്ദുള്‍ റഹ്മാനും ജാസ്മിനും ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍, യുവതി വഴങ്ങാതായതോടെ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു. യുവതിയെ വ്യഭിചാരത്തിന് പ്രേരിപ്പിച്ചതിനും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതിനുമാണ് അബ്ദുള്‍ റഹ്മാന്റെ അമ്മ ജാസ്മിനെയും അടുപ്പക്കാരന്‍ അരുണ്‍ ഗോപാലിനെയും പോലീസ് അറസ്റ്റ് ചെയ്തത്.

Related posts