യുവാവ് കുത്തേറ്റ് മരിച്ച സംഭവം: മൂന്നുപേര്‍ കൂടി ഉടന്‍ പിടിയിലാകും

klm-CRIMEകൊല്ലം: നഗരത്തിലെ ഒരുബാറിന്‌ സമീപം യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍  പ്രതികളായ മറ്റുള്ളവര്‍ ഉടന്‍ പിടിയിലാകുമെന്ന് ഈസ്റ്റ് എസ്‌ഐ രാജേഷ്കുമാര്‍ പറഞ്ഞു. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 15ന് രാത്രി യിലാണ് ചാമക്കട ബിയര്‍ ആന്റ് വൈന്‍ പാര്‍ലറിന് സമീപം കൊല്ലം ഈസ്റ്റ് വടക്കുംഭാഗം  തുരുത്തില്‍പുരയിടത്തില്‍ സെബാസ്റ്റ്യന്റെ മകന്‍ സിജോ (23)യെ കുത്തി കൊലപ്പെടുത്തിയ കേസില്‍  ഒളിവില്‍ കഴിഞ്ഞുവന്ന രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു.

കൊല്ലം വെസ്റ്റ് വലിയകട ജോനകപ്പുറം കടപ്പുറം പുറംപോക്കില്‍ സനു എന്നുവിളിക്കുന്ന സനോഫര്‍ (26),  കച്ചേരി വാര്‍ഡില്‍ കോട്ടമുക്ക് കളരിപുരയിടത്തില്‍ അജ്മല്‍ (26) എന്നിവരെയാണ് അറസ്റ്റ്‌ചെയ്തത്.കൂട്ടുപ്രതികളിലൊരാളായ  മുണ്ടയ്ക്കല്‍  തേക്കേവിള സ്വദേശി  ഷബിന്‍ ഓടിച്ച  ഇന്നോവ കാറിന് സൈഡ് കൊടുക്കാത്തതിലുളള വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സനോഫറും, അജ്മലും സംഭവത്തിനുശേഷം തമിഴ്‌നാട്ടിലും മറ്റും ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.

2010 ല്‍ കൊല്ലം എ ജെ ഹാളിലെ വിവഹത്തിനോടനുബന്ധിച്ചു നടന്ന സല്‍ക്കാര ചടങ്ങില്‍ അതിക്രമിച്ചുകയറി മോഹന്‍കുമാര്‍ എന്നയാളെ കുത്തികൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് സനോഫറെന്ന് പോലീസ് പറഞ്ഞു. സിജോയെ കുത്തികൊലപ്പെടുത്തിയതിനുശേഷം കത്തി സനോഫര്‍ കൊല്ലം തോട്ടിലെറിഞ്ഞതായി  പോലീസിനോട് സമ്മതിച്ചു. പ്രതി തെളിവെടുപ്പിനിടെ   കത്തി തോട്ടില്‍നിന്നും കണ്ടെടുത്ത് പോലീസിന് നല്‍കി.

Related posts