കൊല്ലം: വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം ബാധിച്ചതോടെ സർക്കാർ സ്കൂൾ താത്ക്കാലികമായി പൂട്ടി. ഇടമുളയ്ക്കൽ ഗവ. ജവഹർ ഹൈസ്കൂളിലെ 15 വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം ബാധിച്ചതോടെ സ്കൂൾ വെള്ളിയാഴ്ചവരെ അടച്ചത്. സംഭവത്തിൽ, ആശങ്കവേണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
സെപ്റ്റംബർ ഒന്നിനു സ്കൂളിലെ ഒരു വിദ്യാർഥിക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി കണ്ടെത്തിയിരുന്നു. നാലാംതീയതിയോടെ കൂടുതൽ കുട്ടികൾക്ക് മഞ്ഞപ്പിത്തം പിടിപെട്ടു. ഒരു വിദ്യാർഥിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലും മറ്റൊരു വിദ്യാർഥിയെ മെഡിക്കൽ കോളജിലും തുടർന്ന് പ്രവേശിപ്പിച്ചു. പുനലൂർ താലൂക്ക് ആശുപത്രിയിലും അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും ആണ് കൂടുതൽ വിദ്യാർഥികൾ ചികിത്സ തേടിയത്.
ഇതോടെ ആരോഗ്യവകുപ്പ് നിർദേശപ്രകാരം 12 വരെ സ്കൂൾ അടച്ചു. എന്നാൽ കുട്ടികൾക്ക് എവിടെനിന്നാണ് അസുഖം പിടിപെട്ടതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജൂൺ മാസത്തിൽ സ്കൂൾ കിണറ്റിലെ വെള്ളം പരിശോധനയ്ക്ക് അയയ്ക്കുകയും ഉപയോഗപ്രദമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞദിവസം കിണറ്റിലെ ജലം വീണ്ടും ശേഖരിച്ച് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സ്കൂളിന്റെ പരിസരപ്രദേശമുള്ള കടകളിൽനിന്ന് പാനീയങ്ങളും വിലകുറഞ്ഞ സിപ്അപ്പുകളും കുട്ടികൾ വാങ്ങിക്കഴിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തിൽ ഇവയുടെ സാമ്പിളുകളും ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.