യുവ എന്‍ജിനീയറുടെ മരണം: ഡമ്മി പരീക്ഷണം വേണമെന്ന് പോലീസ് കംപ്ലയിന്റ് അഥോറിറ്റി

ekm-dammiകൊച്ചി: തൃപ്പൂണിത്തുറയില്‍ മരിച്ച യുവ എന്‍ജിനിയര്‍ എറണാകുളം നെട്ടൂര്‍ കളപ്പുരയ്ക്കല്‍ വീട്ടില്‍ വിജയ് കെ.ജോഷിയുടെ (ബാലു-33) മരണത്തിലെ ദുരൂഹത നീക്കാന്‍ ഡമ്മി പരീക്ഷണം നടത്താന്‍ പോലീസ് കംപ്ലയിന്റ് അഥോറിറ്റിയുടെ ഉത്തരവ്.  മരണത്തില്‍ ദുരൂഹതയുണെ്ടന്നു കാണിച്ച് മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. കഴിഞ്ഞ വര്‍ഷം മേയ് മൂന്നിന് രാത്രി സുഹൃത്തായ തൃപ്പൂണിത്തുറ പേട്ട ആഞ്ഞിലിവേലില്‍ തമ്പിയുടെ വീട്ടില്‍ വച്ചാണ് വിജയ് മരിച്ചത്.  മരണത്തില്‍ ദുരൂഹതയുണ്ടായിട്ടും കേസ് അന്വേഷിച്ച മരട് പോലീസ് സ്വഭാവികമരണമെന്ന് എഴുതിതള്ളിയെന്നുമാണ്  മാതാപിതാക്കളായ കെ.കെ ജോഷിയുടെയും ജയയുടെയും പരാതി.

വിജയിന്റെ സുഹൃത്തായ അരുണ്‍ തമ്പി വിദേശത്ത് പോകുന്നെന്ന് പറഞ്ഞ് നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുക്കാനായാണ് വിജയ് ഇവിടെ എത്തിയത്. രാത്രി ഒമ്പതോടെ വീട്ടില്‍ നിന്നു പോയ മകന്‍ 10.30ന് തന്നെ വിളിച്ചതായും ഉടന്‍ തന്നെ വീട്ടിലെത്തുമെന്ന് പറഞ്ഞതായും വിജയിന്റെ അമ്മ ജയ പരാതിയില്‍ പറയുന്നു.     പിന്നീട് മകന്റെ മൊബൈലില്‍ 11.30ന് വിളിച്ചപ്പോള്‍ സുഹൃത്തായ അരുണ്‍തമ്പി ഫോണ്‍ എടുക്കുകയും വിജയ് ഉറങ്ങിയതായി പറയുകയും ചെയ്തു. വീണ്ടും വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ്  ആയിരുന്നു. പിറ്റേ ദിവസം രാവിലെ വിജയിന്റെ ബന്ധുവിനെ വിളിച്ച് വിജയിക്ക് ഛര്‍ദ്ദിലാണെന്നും മരടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അരുണ്‍ തമ്പി അറിയിച്ചു.

ബന്ധു ആശുപത്രിയില്‍ എത്തിയപ്പോള്‍ ആംബുലന്‍സില്‍ കിടത്തിയ  വിജയിന്റെ മൃതദേഹമാണ് കണ്ടത്. മരിച്ചയാളുടെ ബന്ധുക്കള്‍ ആരെങ്കിലും എത്തിയാല്‍ മാത്രമേ മൃതദേഹം വിട്ടുനല്‍കൂവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിനാലാണ് ബന്ധുവിനെ അറിയിച്ചതെന്നും  ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെ വിജയ് മരിച്ചിട്ട് ഏഴ്  മണിക്കൂറോളം കഴിഞ്ഞിരുന്നതായും ഡോക്ടര്‍ പറഞ്ഞതായും അമ്മയുടെ പരാതിയില്‍ പറയുന്നുണ്ട്.

ടെറസില്‍ പാര്‍ട്ടി നടന്നു കഴിഞ്ഞ് വിജയ് മൂത്രമൊഴിക്കാന്‍ പോയപ്പോള്‍ താഴെ വീഴുകയും തുടര്‍ന്ന് താനും സഹോദരനും മറ്റു സുഹൃത്തുക്കളും കൂടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചെന്നുമാണ് അരുണ്‍ തമ്പി പോലീസിനോടു പറഞ്ഞത്. മകന്റെ മരണം അറിഞ്ഞ് വിദേശത്ത് നിന്നെത്തിയ അച്ഛനും ബന്ധുക്കളും മരണത്തില്‍ സംശയമുണെ്ടന്നും പോലീസ് സര്‍ജന്‍ പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്നും പറഞ്ഞതിനെത്തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോലിസ് സര്‍ജന്‍ ഡോ. ബിജു ജെയിംസ് ആണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.

തലയ്‌ക്കേറ്റ ക്ഷതവും തുടര്‍ന്നുണ്ടായ രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ വെറും പത്തടി ഉയരം മാത്രമുള്ള ടെറസില്‍ നിന്ന് പുഴമണ്ണ് നിറഞ്ഞ സ്ഥലത്തേയ്ക്ക് വീണുണ്ടായ മരണം സംശയാസ്പദമാണെന്ന് അഥോറിറ്റി നിരീക്ഷിച്ചു. കൂടാതെ മൂത്രമൊഴിക്കാന്‍ പോയപ്പോള്‍ വീണതാണെങ്കില്‍ മൂത്രസഞ്ചിയില്‍ മൂത്രമുണ്ടായിരുന്നോ ഇല്ലയോ എന്ന കാര്യം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തണമായിരുന്നു. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇക്കാര്യം പരാമര്‍ശിച്ചിട്ടില്ല എന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നതായും അഥോറിറ്റി ചെയര്‍മാന്‍ ജസ്റ്റീസ് കെ. നാരായണക്കുറുപ്പ് പറഞ്ഞു. കൂടാതെ മൃതദേഹത്തില്‍ കടിയേറ്റതുള്‍പ്പെടെ നിരവധി പാടുകളുമുണ്ട്.

ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി പരാതി നല്‍കിയെങ്കിലും അന്നത്തെ മരട് എസ്‌ഐ വിപിന്‍ പ്രതികളെന്നു സംശയിക്കപ്പെടുന്നവരെ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും വിജയിന്റെ മാതാപിതാക്കള്‍ അഥോറിറ്റിയെ അറിയിച്ചു. അഥോറിറ്റി മുന്‍പാകെ ഹാജരായ എസ്‌ഐ വിപിന്‍ മരണം സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയില്ല. വിദേശത്ത് പോകുന്നതിന് മുന്‍പ് പാര്‍ട്ടി നടത്തിയെങ്കിലും അരുണ്‍ തമ്പിയോ സഹോദരനോ ഇതുവരെ വിദേശത്ത് പോയിട്ടില്ല.  നെടുമ്പാശേരി എസ്‌ഐയുടെ മര്‍ദനത്തിനിരയായ ദളിത് ബാലന്റെ മൊഴി എടുത്തതായും ജസ്റ്റീസ് നാരായണക്കുറുപ്പ് ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Related posts