തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച യോഗപരിപാടിയില്‍ കീര്‍ത്തനം ചൊല്ലിയതില്‍ ഉദ്ഘാടകയായ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക് അതൃപ്തി. യോഗ ഒരു മതത്തിന്റെയും ഭാഗമല്ലെന്നും എല്ലാ മതവിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ച് നടത്തുന്ന പ്രോഗ്രാമാണെന്നും മന്ത്രി പറഞ്ഞു.രാജ്യത്ത് മതവിശ്വാസമുള്ളവരും ഇല്ലാത്തവരും ജീവിക്കുന്നുണ്ട്. അവരവര്‍ക്ക് അവരുടെ ദൈവങ്ങളെ പ്രാര്‍ഥിക്കുന്നതിനുള്ള അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിലാണ് മന്ത്രി അതൃപ്തി പ്രകടിപ്പിച്ചത്. യോഗയുടെ ഉദ്ഘാടനത്തിനെത്തിയ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചറെ ഉദ്യോഗസ്ഥര്‍ വേദിയിലേക്ക് ആനയിച്ചു. യോഗ ആരംഭിക്കുന്നതിന് മുന്‍പായി എല്ലാവരും നിലത്തിരുന്നപ്പോള്‍ ആദ്യമായി ഐകമത്യസൂക്തം ചൊല്ലി. ഐകമത്യസൂക്തം ആരുടെ നിര്‍ദേശാനുസരണമാണ് ചൊല്ലിയതെന്നും ഇനി ആവര്‍ത്തിക്കരുതെന്നും മന്ത്രി ഉദ്യോഗസ്ഥരെ ശാസിച്ചു.
എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ മാന്വുവല്‍ പ്രകാരമുള്ള വിധത്തിലാണ് യോഗപരിപാടികള്‍ സംഘടിപ്പിച്ചതെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. യോഗ പരിപാടിയില്‍ വി.എസ്.ശിവകുമാര്‍ എംഎല്‍എയും ഉദ്യോഗസ്ഥരും പങ്കെടുത്തു. കൊച്ചിയില്‍ നടന്ന പരിപാടി കേന്ദ്രമന്ത്രി ഹന്‍സ്രാജ് ഗംഗാറം അഹിറാണ് ഉദ്ഘാടനം ചെയ്തത്.