കൂത്തുപറമ്പ്: രോഗങ്ങളെ പഴിച്ച് വീടിനകത്ത് തള്ളി നീക്കേണ്ട നാളുകളാണ് വാര്‍ധക്യമെന്ന പാരമ്പര്യ ചിന്തകളെ തകര്‍ത്തെറിയുകയാണ് മാവിലായി കീഴറയിലെ റിട്ട. ക്യാപ്റ്റന്‍ ശേഖരന് കോമത്ത്. കഴിഞ്ഞ ഇരുപത് വര്‍ഷമായി യോഗയുടെ ഉള്ളറകള്‍ അടുത്തറിഞ്ഞും യോഗയുടെ പാഠങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കിയും വാര്‍ധക്യത്തെ ചെറുത്തു തോല്പിക്കുകയാണ് 85 കാരനായ ഇദ്ദേഹം.വിവിധ രോഗങ്ങളുടെ പിടിയിലകപ്പെടുന്ന ആധുനിക സമൂഹത്തിന് യോഗയിലൂടെ ആരോഗ്യം വീണ്ടെടുക്കാനാവുമെന്ന സന്ദേശമാണ് ഇദ്ദേഹവും പലയിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഇദ്ദേഹത്തിന്റെ ശിഷ്യസമൂഹവും വിളിച്ചോതുന്നത്.
കൂടാളി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പഠനത്തിനു ശേഷം കരസേനയില്‍ 28 വര്‍ഷം സേവനമനുഷ്ഠിച്ച് അറുപതാം വയസില്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് ശേഖരന് യോഗ പഠിക്കാന്‍ തുടങ്ങിയത്. കരസേനയില്‍ നിന്നും ഹോണററി ക്യാപ്റ്റന്‍ ആയി വിരമിച്ച ഇദ്ദേഹം ജബല്പൂറില് 14 വര്‍ഷം അധ്യാപകനായും ജോലി ചെയ്തിരുന്നു. സിദ്ധ സമാധി യോഗ, ഹഠയോഗ തുടങ്ങി വിവിധ തരം യോഗാഭ്യാസങ്ങളെ കുറിച്ച് ആഴത്തില്‍ മനസിലാക്കിയ ഇദ്ദേഹം പിന്നീട് താന്‍ സ്വായത്തമാക്കിയ അറിവ് മറ്റുള്ളവര്‍ക്കു പകര്‍ന്നു നല്കാന് തുടങ്ങി.
പരിശീലനം നേടാനും പഠിപ്പിക്കാനും ശേഖരനൊപ്പം തുടക്കം മുതലേ പത്നി വിലാസിനിയുമുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി പല സ്ഥലങ്ങളിലും പോയി യോഗ പഠിപ്പിച്ച ഈ ദമ്പതികള്‍ മൂന്നു വര്‍ഷമായി ആഴ്ചയില്‍ ഒരുദിവസം എന്ന നിലയില്‍ വീട്ടില്‍ വെച്ച് യോഗാ ക്ലാസ് നടത്തി വരികയാണ്.