രക്തസാക്ഷികളുടെ കഥപറയുന്ന ‘ശിവതീര്‍ഥത്തിലേക്ക് ” പ്രദര്‍ശനത്തിനൊരുങ്ങി

tcr-theerthamതൃശൂര്‍: ആര്യാംപാടം ജനകീയ സിനിമയുടെ ആഭിമുഖ്യത്തില്‍ ഒരുക്കുന്ന ഹ്രസ്വചിത്രം “ശിവതീര്‍ഥത്തിലേക്ക്’ ചിത്രീകരണം  പൂര്‍ത്തിയായി. ആര്യംപാടം, പുതുരുത്തി, തയ്യൂര്‍, ഭാരതപ്പുഴ എന്നിവിടങ്ങളില്‍ ചിത്രീകരിച്ച ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഛായാഗ്രഹണവും ചിത്രസംയോജനവും നിര്‍വഹിക്കുന്നതു നാടകപ്രവര്‍ത്തകനും സീരിയല്‍ നടനുമായ വിക്ടര്‍ ലൂയി മേരിയാണ്.

സി.എസ്. മുരളി ബാബുവിന്റെ “മഴക്കാടുകള്‍’ എന്ന ചെറുകഥാ സമാഹാരത്തിലെ “ശിവതീര്‍ഥത്തിലേക്കുള്ള യാത്ര’ എന്ന കഥയെ ആധാരമാക്കിയാണ് ചിത്രം പൂര്‍ത്തിയാക്കിയത്. വലിയൊരു പ്രസ്ഥാനത്തിന്റെ പരികര്‍മിയായി രക്തസാക്ഷിത്വം വരിച്ച സിദ്ധാര്‍ഥന്റെ അമ്മ പാറുക്കുട്ടിയമ്മ തന്റെ മകന്റെ ശ്രാദ്ധദിവസം അവന്റെ ഓര്‍മകളുടെ തര്‍പ്പണം നടത്താന്‍ ശിവതീര്‍ഥത്തിലേക്ക് പോകുന്നതാണ് കഥ. പ്രസ്ഥാനങ്ങള്‍ക്കു വേണ്ടി ജീവന്‍വെടിഞ്ഞ  രക്തസാക്ഷികളുടെ ഓര്‍മകള്‍ തേഞ്ഞുമാഞ്ഞ് അവസാനം അവരുടെ അമ്മയുടേതു മാത്രമായിത്തീരുന്നുവെന്ന  യാഥാര്‍ഥ്യമാണ് ചിത്രം ദൃശ്യവത്കരിക്കുന്നത്.

മുരളിക ട്രസ്റ്റിന്റെ പ്രവര്‍ത്തകരും മുരളിബാബുവിന്റെ സുഹൃത്തുക്കളും ചേര്‍ന്നാണ്  ചിത്രം തയാറാക്കിയത്. സഹസംവിധാനം സി.എസ്. സുരേഷ്ബാബു. സജീവ്, കൃഷ്ണകുമാര്‍, വിഷ്ണുരാജ്, നേഹ എന്നിവര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചു. സുഷമ സുന്ദരന്‍, ബാലചന്ദ്രന്‍ പുറനാട്ടുകര, ജോണ്‍ ക്ലാരനെറ്റ്, ജോണ്‍സണ്‍ പുതുരുത്തി, പി.എം. സുനില്‍, പവിഴം, ശരണ്‍ബാബു, ബേബി അയന എന്നിവരാണ് അഭിനേതാക്കള്‍.

ചിത്രത്തിന്റെ പ്രദര്‍ശനോദ്ഘാടനം മുരളി ബാബുവിന്റെ അനുസ്മരണദിനത്തില്‍ തിരുത്തിപ്പറമ്പ് ഗ്രീന്‍ ആര്‍മി ട്രെയിനിംഗ് സെന്ററില്‍ കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരണ വിഭാഗം സെക്രട്ടറി വി.ഡി. ഡേവിസ് നിര്‍വഹിച്ചു.

Related posts