കായംകുളം: കറ്റാനം ജംഗ്ഷനിലെത്തുന്ന യാത്രക്കാരുള്‍പ്പടെയുള്ള പൊതുജനങ്ങള്‍ക്കു പ്രാഥമികാവശ്യം നിറവേറ്റാന്‍ രണ്ടുവര്‍ഷം മുമ്പ് നിര്‍മിച്ച ഇ ടോയ്‌ലറ്റ് പ്രവര്‍ത്തിക്കാന്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് നോക്കുകുത്തിയായി മാറി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് നിര്‍മല്‍ പുരസ്കാരമായി ലഭിച്ച തുകയില്‍നിന്ന് ആറുലക്ഷംരൂപ വിനിയോഗിച്ചാണ് ഇ- ടോയ്‌ലറ്റ് സ്ഥാപിച്ചത്. കെല്‍ട്രോണാണ് ടോയ്‌ലറ്റ് നിര്‍മാണം നടത്തിയത്. ഇ ടോയ്‌ലറ്റിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ വെള്ളം സംഭരിക്കുന്നതിനും മാലിന്യം നീക്കംചെയ്യുന്നതിനുമുള്ള ടാങ്കുകള്‍ സ്ഥാപിക്കാന്‍ കഴിയാത്തതാണ് പ്രവര്‍ത്തനം വൈകുന്നതിനു കാരണമെന്നാണ് വര്‍ഷങ്ങളായി അധികൃതര്‍ നല്‍കുന്ന വിശദീകരണം.
ഇ ടോയ്‌ലറ്റ് സ്ഥാപിച്ചതിനു സമീപം ഭൂമിക്കടിയിലൂടെ ടെലിഫോണുകളുടേതടക്കം നിരവധി കേബിളുകള്‍ കടന്നുപോകുന്നുണ്ട്. ഇത് ടാങ്കുകള്‍ സ്ഥാപിക്കാന്‍ തടസവു മാണ്. കെപി റോഡിലെ തിരക്കേറിയ ജംഗ്ഷനുകളില്‍ ഒന്നാണു കറ്റാനം ജംഗ്ഷന്‍. നിരവധി യാത്രക്കാര്‍ ദിനംപ്രതി വന്നുപോകുന്ന ഇവിടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്കു പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ സൗകര്യമില്ലാത്തത് ദുരിതത്തോടൊപ്പം വലിയ പ്രതിഷേധത്തിന് ഇടയാക്കുകയുമാണ്.
വെറും നോക്കു കുത്തിയായി മാറിയ ഇ ടോയ്‌ലറ്റ് ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും വിവിധ സംഘടനകളുടെയും പോസ്റ്ററുകള്‍ പതിക്കുന്ന കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇതിനിടയില്‍ മറ്റൊരു സ്ഥലത്തേക്ക് ഇ ടോയ്‌ലറ്റ് മാറ്റി സ്ഥാപിക്കാനും പഞ്ചായത്ത് മുമ്പ് നീക്കം നടത്തിയെങ്കിലും ഇതും പ്രഹസനമായി.