രാജിവയ്ക്കരുതെ… അംഗങ്ങള്‍ പറഞ്ഞിട്ടും കേട്ടില്ല; അഞ്ജു ബോബി ജോര്‍ജ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനം രാജിവച്ചു

Anjuതിരുവനന്തപുരം: ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനം രാജിവച്ചു. തലസ്ഥാനത്തു നടന്ന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നിര്‍ണായക യോഗത്തിനു ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. അഞ്ജുതന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. രാജിവയ്ക്കരുതെന്ന് യോഗത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ഇത് അംഗീകരിക്കാന്‍ അഞ്ജു തയാറായില്ല.

തനിക്കെതിരെ ഉണ്ടായ ആരോപണങ്ങള്‍ അപ്രതീക്ഷിതമായിരുന്നുവെന്ന് അഞ്ജു വ്യക്തമാക്കി. തുടക്കത്തില്‍ ലഭിച്ച സഹകരണം പിന്നീട് ലഭിച്ചില്ല. ലോക വേദികളിലെ തന്റെ അനുഭവസമ്പത്ത് കേരളത്തിന്റെ കായിക ലോകത്തിനു മുതല്‍കൂട്ടാകട്ടെയെന്നു വിചാരിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് പദവി ഏറ്റെടുത്തതെന്നും അര്‍ഹതയില്ലാത്ത ആനുകൂല്യങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്നും അഞ്ജു വ്യക്തമാക്കി.
വ്യാഴാഴ്ച നടക്കുന്ന ഒളിമ്പിക് ദിനാചരണത്തില്‍ അഞ്ജു ബോബി ജോര്‍ജ് പങ്കെടുക്കില്ലെന്നാണ് സൂചനകള്‍. കായികമന്ത്രി ഇ.പി.ജയരാജന്‍ പങ്കെടുക്കുന്ന ചടങ്ങാണിത്. ഇന്നത്തെ സ്‌പോര്‍ട് കൗണ്‍സില്‍ യോഗത്തിനു ശേഷം അഞ്ജു ബംഗളൂരുവിലേക്കു മടങ്ങുമെന്നും വിവരങ്ങളുണ്ട്.

Related posts