ഗാന്ധിനഗർ: കടം കയറി ആത്മഹത്യയ്ക്ക് റെയിൽവേ ട്രാക്കിലെത്തിയ ദമ്പതികളെ ഗാന്ധിനഗർ പോലീസ് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നു. ട്രെയിനു മുന്നില് ചാടി ആത്മഹത്യ ചെയ്യാൻ വീട്ടില്നിന്നിറങ്ങിയ ദമ്പതികളെ അതിവേഗം കണ്ടെത്തി പോലീസ് പിന്തിരിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടുകൂടി ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലേക്ക് പ്രായമായ ഒരു സ്ത്രീയുടെ ഫോൺകോൾ എത്തി.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടർന്ന് നാട്ടിൽ തിരിച്ചെത്തിയ വിദേശത്തായിരുന്ന മകനും ഭാര്യയും കുറച്ച് സമയം മുമ്പ് ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നു പറഞ്ഞു വീടിനു പുറത്തേക്ക് പോയെന്ന് അവർ പോലീസിനോട് പറഞ്ഞു.
സ്റ്റേഷനിലെ ജിഡി ചാർജ് എഎസ്ഐ പ്രതീഷ് രാജ് ഫോണ് നമ്പറും മറ്റു വിവരങ്ങളും എഴുതിയെടുത്ത ശേഷം ഉടൻതന്നെ നൈറ്റ് ഓഫീസർ ഡ്യൂട്ടിയില് ഉണ്ടായിരുന്ന എസ്ഐ സിബിമോനെയും സിപിഒ ഡെന്നിയെയും വിവരമറിയിച്ചു.
ഈ സമയം ഭക്ഷണം കഴിക്കുകയായിരുന്ന സിബിമോനും ഡെന്നിയും സംഭവത്തിന്റെ ഗൗരവം മനസിലാക്കി പരിസര പ്രദേശങ്ങളില് അന്വേഷണം നടത്തുകയും നീലിമംഗലം റെയില്വേ ട്രാക്കിനടുത്ത് ദന്പതികൾ നില്ക്കുന്നതായി കണ്ടെത്തുകയുമായിരുന്നു.
ഇവരുടെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ചോദിച്ചറിഞ്ഞ പോലീസ് ഇവർക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്ന് ആത്മഹത്യയിൽനിന്നു പിന്തിരിപ്പിച്ച് തിരികെ വീട്ടിലെത്തിക്കുകയായിരുന്നു.
സമയോചിതമായ ഇടപെടലിൽ ദന്പതികളുടെ ജീവൻ രക്ഷിച്ച പോലീസിന് വിവിധ മേഖലകളിൽനിന്ന് അഭിനന്ദന പ്രവാഹമാണ്.

