കാഞ്ഞിരപ്പള്ളി: വീട്ടമ്മമാരെ ബ്ലേഡ്മാഫിയാസംഘം വീടുകളിലെത്തി ഭീഷണിപ്പെടുത്തുന്നതിനെതിരേ നടപടി സ്വീകരിക്കണമെന്ന് ഡോ. എന്‍. ജയരാജ് എംഎല്‍എ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് 22ന് നടക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിപ്പെടുത്തുമെന്നും എംഎല്‍എ പറഞ്ഞു.
മൈക്രോ ഫിനാന്‍സുകളില്‍ നിന്നും വായ്പയെടുത്ത വീട്ടമ്മമാരെയാണ് ഭീഷണിപ്പെടുത്തുന്നത്. ചിറക്കടവ് സ്വദേശിനികളായ വീട്ടമ്മമാര്‍ക്ക് നേരേയാണ് ബ്ലേഡ് മാഫിയ സംഘത്തിന്റെ ഭീഷണി. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളില്‍ നിന്നും കടമെടുത്ത പണം തിരികെ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ മൈക്രോ ഫിനാന്‍സ് ജീവനക്കാര്‍ വീടുകളിലെത്തുന്നത്. കറുകച്ചാല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു മൈക്രോ ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്നും ഇവര്‍ പണം വായ്പ എടുത്തിരുന്നു. 20000 രൂപ എടുത്ത ഇവര്‍ ആഴ്ചയില്‍ 330 രൂപ വീതമാണ് അടച്ചുകൊണ്ടിരുന്നത്. നോട്ട് അസാധുവാക്കിയതോടെ കൂലിപ്പണിക്കാരായ ഇവര്‍ക്ക് ജോലി ഇല്ലാതായതിനെ തുടര്‍ന്ന് വരുമാനം മുടങ്ങിയതിനാലാണ് തവണ മുടങ്ങിയതെന്ന് വീട്ടമ്മമാര്‍ പറഞ്ഞു.
അസാധുവാക്കിയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ഇവര്‍ എടുക്കില്ല. നോട്ട് പിന്‍വലിച്ച തിനാലുള്ള സാമ്പത്തിക ബുദ്ധിമുട്ടിനാലാണ് പണം അടയ്ക്കാന്‍ സാധിക്കാത്തതെന്ന് എംഎല്‍എയോടൊപ്പം പത്രസമ്മേളനത്തില്‍ എത്തിയ വീട്ടമ്മമാര്‍ പറഞ്ഞു. രണ്ടാഴ്ചത്തെ തവണ മാത്രമേ ഇതുവരെ മുടങ്ങിയിട്ടുള്ളൂവെന്നും പണം തിരികെ അടയ്ക്കാന്‍ സാവകാശം ആവശ്യപ്പെട്ടതോടെയാണ് ഭീഷണിയുമായി സ്ഥാപനത്തിലെ ജീവനക്കാര്‍ എത്തുന്നതെന്നും വീട്ടമ്മമാര്‍ പറഞ്ഞു.
ഓരോ ദിവസവും സ്ഥാപനത്തില്‍ നിന്നും പലരാണ് വീടുകളിലെത്തുന്നത്. ഫോണിലൂടെയും ഇവര്‍ ഭീഷണിപ്പെടുത്താറുണ്ട്. വീട്ടിലെത്തിയാല്‍ രാത്രി വൈകുവോളം ഇവര്‍ ഭീഷണിയുമായി നില്‍ക്കുമെന്ന് വീട്ടമ്മമാര്‍ പറഞ്ഞു. പണം തന്നില്ലെങ്കില്‍ നവമാധ്യമങ്ങളില്‍ കൂടി ഫോട്ടോ പ്രചരിപ്പിക്കുമെന്ന തരത്തിലുള്ള ഭീഷണിക ളാണ് സ്ഥാപനത്തിലെ ജീവനക്കാര്‍ നടത്തുന്നത്.
കഴിഞ്ഞ ദിവസം മൈക്രോ ഫിനാന്‍സിലെ ജീവനക്കാര്‍ പലരുടെയും വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെട്ട് ബഹളം ഉണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് എത്തിയാണ് ഇവരെ പറഞ്ഞയച്ചത്. ഇപ്പോള്‍ പ്രായമായ പെണ്‍കുട്ടികളുള്ള വീട്ടില്‍ ഇവരെ പേടിച്ച് കഴിയേണ്ട അവസ്ഥയാണുള്ളതെന്നും വീട്ടമ്മമാര്‍ പറഞ്ഞു.
കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം കേന്ദ്രമായി നിരവധി മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. സ്ത്രീകള്‍ മാത്രമുള്ള 20 പേരടങ്ങുന്ന സംഘങ്ങള്‍ ഉണ്ടാക്കിയാണ് ഇത്തരം സ്ഥാപനങ്ങള്‍ പണം കടം നല്‍കുന്നത്. ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡുകളുടെ കോപ്പി, ഭാര്യയുടെയും ഭര്‍ത്താവിന്റെയും ഫോട്ടോകള്‍ എന്നിവ വാങ്ങിയാണ് സ്ഥാപനങ്ങള്‍ വായ്പ നല്‍കുന്നത്. ഇത്തരം മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും ഇവരുടെ പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്നും ഡോ.എന്‍. ജയരാജ് എംഎല്‍എ ആവശ്യപ്പെട്ടു.