കണ്ണൂര്‍: ജില്ലയില്‍ ഉണ്ടാകുന്ന കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കുംശേഷം വാട്സ്ആപ്പിലും ഫെയ്സ്ബുക്കിലും പ്രകോപനപരമായ പോസ്റ്റ് ഇടുകയോ അതു പ്രചരിപ്പിക്കുകയോ ചെയ്താല്‍ നിയമനടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി സഞ്ജയ് കുമാര്‍ ഗുരുഡിന്. സര്‍വകക്ഷി സമാധാനയോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാതിരിയാട്, പിണറായി കൊലപാതകങ്ങളില്‍ അടുത്തദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും. പ്രതികളെ പിടികൂടുന്നതിനും മറ്റും യാതൊരു സമ്മര്‍ദവും തനിക്കില്ല.
പ്രതികളെ ഹാജരാക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തയാറാണ്. എന്നാല്‍ യഥാര്‍ഥ പ്രതികളെ തന്നെ പിടികൂടുമെന്നും പ്രതികളെ പിടികൂടാന്‍ സമയം വേണമെന്നും അദ്ദേഹം പറഞ്ഞു. വീട് നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്കാന് പരാതി കിട്ടിയാല്‍ ജില്ലാ കളക്ടര്‍ അന്വേഷിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ജില്ലയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സംഘര്‍ഷത്തിന്റെയും അശാന്തിയുടെയും സാഹചര്യം ദേശവിരുദ്ധശക്തികള്‍ മുതലെടുക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ സമാധാന ശ്രമങ്ങള്‍ക്കു വേണ്ടിയുള്ള ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആത്മാര്‍ഥമായ സഹകരണം ആവശ്യമാണ്.
ജില്ലയില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെയും മറ്റ് ആക്രമണങ്ങളുടെയും പ്രേരണയ്ക്കുള്ള ധാര്‍മികവും നിയമപരവുമായ ഉത്തരവാദിത്വത്തില്‍നിന്നും രാഷ്ട്രീയ നേതൃത്വത്തിന് ഒഴിഞ്ഞുമാറാന്‍ കഴിയണമെങ്കില്‍ അക്രമമാര്‍ഗം വെടിയുന്നതിനുള്ള ആത്മാര്‍ഥമായ ശ്രമം രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നുണ്ടാകണമെന്നും എസ്പി പറഞ്ഞു. നേതാക്കളുടെ പ്രസംഗങ്ങളിലോ പ്രസ്താവകളിലോ അക്രമം പ്രോത്സാഹിപ്പിക്കത്തക്ക വാചകങ്ങള്‍ ഉണ്ടാകരുത്. ജില്ലയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് പാര്‍ട്ടി നേതാക്കള്‍ക്കും ഉത്തരവാദിത്വമുണ്ട്.
സമാധാന പാലനത്തിനായി പോലീസ് സ്വീകരിച്ചുവരുന്ന നടപടികളെ എതിര്‍ത്ത് രംഗത്തുവരുന്നവര്‍ക്ക് കടുത്ത നിയമനടപടികള്‍ നേരിടേണ്ടതായി വരുമെന്നും എസ്പി പറഞ്ഞു.കേസില്‍ ഉള്‍പ്പെട്ട് റിമാന്‍ഡില്‍ കഴിഞ്ഞു ജാമ്യം ലഭിക്കുന്ന പ്രതികള്‍ക്കു സ്വീകരണം നല്‍കുന്നതും അവരെ ആനയിച്ച് പ്രകടനം നടത്തുന്നതും പ്രകീര്‍ത്തിച്ചു പ്രസംഗിക്കുന്നതും ആക്രമണത്തെ മഹത്വവത്കരിക്കുന്നതിനും കുറ്റവാളികള്‍ക്കു പ്രോത്സാഹനമാകുന്നതിനും കാരണമാകുന്നതിനാല്‍ അത്തരം പ്രവൃത്തികള്‍ ഒഴിവാക്കേണ്ടതാണ്.
നിയമവിരുദ്ധമായി പൊതുസ്ഥലങ്ങളില്‍ പണിതിട്ടുള്ള സ്മാരകങ്ങളുടെയും സ്തൂപങ്ങളുടെയും കൊടിമരങ്ങളുടെയും ബസ് ഷെല്‍ട്ടറുകളുടെയും പേരില്‍ ചേരിതിരിഞ്ഞു സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നതിന്റെ യുക്തി രാഷ്ട്രീയപാര്‍ട്ടികള്‍ പുനര്‍ചിന്തനം ചെയ്യണമെന്നും ജില്ലാ പോലീസ് ആവശ്യപ്പെട്ടു.