മൗ (ഉത്തര്‍പ്രദേശ്): 2,500 കിലോമീറ്റര്‍ താണ്ടുന്ന കര്‍ഷക യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി വീട്ടിലെത്തിയപ്പോള്‍ ഉത്തര്‍പ്രദേശിലെ മൗവിലെ ദളിത് കുടുംബം അദ്ദേഹത്തിനു ഭക്ഷണം വിളമ്പിയത് കടംവാങ്ങി. കോണ്‍ഗ്രസ് ഉപാധ്യക്ഷനൊപ്പം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും ഉത്തര്‍പ്രദേശിന്റെ ചാര്‍ജുമുള്ള ഗുലാം നബി ആസാദുമുണ്ടായിരുന്നു. ഇരുവരും എത്തിയപ്പോള്‍ അവര്‍ക്കു വിളമ്പാന്‍ സ്വാമിനാഥന് എന്ന പട്ടിണിപ്പാവത്തിന്റെ അടുക്കളയില്‍ ഒന്നുമുണ്ടായിരുന്നില്ല. തുടര്‍ന്ന് കടം മേടിച്ച് റൊട്ടിയും ഉരുളക്കിഴങ്ങുകറിയും ഇരുവര്‍ക്കും നല്‍കുകയായിരുന്നു.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഇപ്പോള്‍ ആ കടം എങ്ങനെ വീട്ടാം എന്ന അങ്കലാപ്പിലാണ് സ്വാമിനാഥന്. രാഹുല്‍ ഗാന്ധി ഞങ്ങള്‍ക്ക് കണ്‍കണ്ട ദൈവമാണ്. അദ്ദേഹത്തിനു ഭക്ഷണം നല്കുന്നതില് ഒരു പ്രശ്നവുമില്ല. കടം എങ്ങനെയെങ്കിലും വീട്ടാം: സ്വാമിനാഥന് ശുഭാപ്തി വിശ്വാസത്തോടെ പറഞ്ഞു. ഞങ്ങളുടെ ജീവിത പ്രശ്നങ്ങളെക്കുറിച്ച് രാഹുല്‍ ഗാന്ധി ആരാഞ്ഞു. ജീവിതത്തിലെ പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ പാടുപെടുകയാണെന്ന് രാഹുലിനെ ധരിപ്പിച്ചതായും സ്വാമിനാഥന് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, താന്‍ കടം വാങ്ങിയാണ് റൊട്ടിയും ഉരുളക്കിഴങ്ങും രാഹുലിനു നല്കിയതെന്നതുമാത്രം അയാള്‍ പറഞ്ഞില്ല.