കാസർഗോഡ്: കവർച്ചാശ്രമത്തിനിടെ കെട്ടിടത്തിന്റെ ഒന്നാം നിലയിൽനിന്ന് ചാടി കാലൊടിഞ്ഞ കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷ് പിടിയിലായി. ഇന്നലെ പുലർച്ചെ രണ്ടോടെ മേൽപ്പറമ്പിലെ കാഷ് ഹൈപ്പർ മാർക്കറ്റിലാണ് ഇയാൾ കവർച്ചാശ്രമം നടത്തിയത്.
ഇതേ സമയത്ത് കെട്ടിടത്തിനു സമീപം നിർത്തിയിട്ടിരുന്ന ബൈക്ക് എടുക്കാനെത്തിയ യുവാക്കൾ ഹൈപ്പർ മാർക്കറ്റിനകത്തുനിന്ന് ശബ്ദം കേട്ട് നാട്ടുകാരെ വിളിച്ചുകൂട്ടുകയായിരുന്നു. ഇതോടെയാണ് സന്തോഷ് ഒന്നാംനിലയിൽനിന്ന് താഴേക്ക് ചാടിയത്. തുടർന്ന് ഇയാളെ നാട്ടുകാർ പിടികൂടി മേൽപ്പറമ്പ് പോലീസിന് കൈമാറുകയായിരുന്നു.
ഹൈപ്പർ മാർക്കറ്റിന്റെ ഷട്ടറിന്റെ പൂട്ട് പൊളിച്ചാണ് ഇയാൾ അകത്തു കടന്നത്. കാഷ് കൗണ്ടറിലുണ്ടായിരുന്ന 3,000 രൂപ കൈക്കലാക്കിയിരുന്നു. ഇതിനിടയിലാണ് നാട്ടുകാരുടെ ബഹളം കേട്ട് രക്ഷപ്പെടാനായി താഴേക്കു ചാടിയത്.
കണ്ണൂർ പുലിക്കുരുമ്പ സ്വദേശിയായ സന്തോഷ് വ്യത്യസ്തമായ മോഷണരീതികളും ജയിൽവാസവും പതിവാക്കിയതിലൂടെയാണ് കുപ്രസിദ്ധി നേടിയത്. ശിക്ഷ കഴിഞ്ഞ് ജയിലിൽനിന്നിറങ്ങിയാലും പുതിയ കവർച്ചകൾ നടത്തി വീണ്ടും അകത്താകുകയാണ് ഇയാളുടെ രീതി.
ജയിലിൽവച്ച് പരിചയപ്പെടുന്നവർക്ക് കവർച്ചാരീതികളിൽ പരിശീലനം നൽകി അവരെ സഹായികളായി ഒപ്പം കൂട്ടുന്നതും പതിവാണ്. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇയാൾ സഹായികളെ വളർത്തിയെടുത്തിട്ടുണ്ട്.
ആദ്യകാലത്ത് മലയോരത്തെ മലഞ്ചരക്ക് കടകളുടെ ചുവർ കുത്തിത്തുറന്ന് കവർച്ച നടത്തിയതിലൂടെയാണ് തൊരപ്പൻ എന്ന പേര് കിട്ടിയത്. ഒരുതവണ കണ്ണൂർ സബ് ജയിലിൽനിന്നും ശിക്ഷ കഴിഞ്ഞിറങ്ങി ദിവസങ്ങൾക്കകം മലയോരത്തെ ഒരു പുഷ്പഫല സസ്യ വില്പനകേന്ദ്രത്തിൽ മോഷണം നടത്തി കിട്ടിയ ചെടിച്ചട്ടികൾ തന്റെ ഗുഡ്സ് ഓട്ടോയിൽ കയറ്റി ജയിലിലെത്തിച്ചു നൽകിയ സംഭവവും ഉണ്ടായിരുന്നു.
കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കവർച്ചയും കേസും പതിവാക്കിയതിനു ശേഷമാണ് ഇയാൾ തന്റെ മോഷണമേഖല കാസർഗോഡ് ജില്ലയിലേക്ക് വ്യാപിപ്പിച്ചത്.തളിപ്പറമ്പിൽനിന്ന് രാത്രി ബസിൽ മേൽപ്പറമ്പിലെത്തി മണിക്കൂറുകളോളം കാത്തിരുന്നതിനു ശേഷമാണ് ഹൈപ്പർ മാർക്കറ്റിൽ കവർച്ചയ്ക്കായി കയറിയതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.

