ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണോയെന്ന കാര്യത്തില്‍ വിശദീകരണം നല്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി നോട്ടീസ് നല്കി. ബിജെപി നേതാവ് എല്‍.കെ. അഡ്വാനി അധ്യക്ഷനായ കമ്മിറ്റിയാണ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കു നോട്ടീസ് നല്കിയിരിക്കുന്നത്. താന്‍ ബ്രിട്ടീഷ് പൗരനാണെന്നു മുമ്പ് രാഹുല്‍ പ്രസ്താവിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് ഉത്തരം നല്‌കേണ്ടത്.
മുന്‍ എംപിയും ബിജെപി നേതാവുമായ സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയിന്മേലാണ് എത്തിക്‌സ് കമ്മിറ്റി അന്വേഷണം തുടങ്ങിയത്. സുബ്രഹ്മണ്യം സ്വാമിയുടെ വ്യക്തിവൈരാഗ്യം മാത്രമാണ് ഈ ആരോപണത്തിനു പിന്നില്‍ എന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. കഴിഞ്ഞ നവംബറിലാണ് ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ച് സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രിക്കു കത്തയച്ചത്. പിന്നീട് ജനുവരിയില്‍ ബിജെപിയുടെ ഈസ്റ്റ് ഡല്‍ഹി എംപി മഹേഷ് ഗിരി ഇതേ വിഷയത്തില്‍ സ്പീക്കര്‍ സുമിത്ര മഹാജനു കത്തയച്ചു. സ്പീക്കര്‍ വിഷയം എത്തിക്‌സ് കമ്മിറ്റിക്കു കൈമാറുകയായിരുന്നു.