കോല്‍ക്കത്ത: രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കി. ഇന്ത്യക്കു 339 റണ്‍സിന്റെ ഓവറോള്‍ ലീഡ്്. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് 204 റണ്‍സിന് അവസാനിച്ചു. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ എട്ട് വിക്കറ്റിന് 227 റണ്‍സ് എന്ന നിലയിലാണ്. വൃദ്ധിമാന്‍ സാഹ (39), ഭുവനേശ്വര്‍ കുമാര്‍ (8) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്‌സില്‍ 112 റണ്‍സിന്റെ ലീഡ് ലഭിച്ചു.
ഞായറാഴ്ച പ്രധാനമായും രണ്ടു കാര്യങ്ങളാണ് ഇന്ത്യക്ക് അനുകൂലമായി ലഭിച്ചത്. ഒന്നാം ഇന്നിംഗ്‌സ് ലീഡും നായകന്‍ വിരാട് കോഹ് ലിയുടെ അത്യുജ്വല ഇന്നിംഗ്‌സും. ന്യൂസിലന്‍ഡിന്റെ പേസാക്രമണത്തെ ചെറുത്തുനിന്ന കോഹ്ലി അവസാനം ട്രെന്‍ഡ് ബൗള്‍ട്ടിന്റെ പന്തില്‍ അര്‍ധസെഞ്ചുറിക്ക് അഞ്ചു റണ്‍സ് അകലെ നായകന്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി. കോഹ്ലി ഒരുക്കിയ പാതയിലൂടെ രോഹിത് ശര്‍മയും മനോഹരമായി കളിച്ചതോടെ ഇന്ത്യക്ക് ഈഡന്‍ ഗാര്‍ഡന്‍സില്‍ 339 റണ്‍സിന്റെ ലീഡും ലഭിച്ചു. മുന്‍നിര ബാറ്റ്‌സ്മാന്മാരെല്ലാം നേരത്തെ പുറത്തായ സാഹചര്യത്തില്‍ ദുഷ്കരമായ സാഹചര്യത്തിലാണ് കോഹ്ലി തന്റെ മനോഹര ബാറ്റിംഗ് പുറത്തെടുത്തത്. നായകനൊപ്പം രോഹിത് ശര്‍മയും ഉജ്വല ബാറ്റിംഗ് പുറത്തെടുത്തു.
കോഹ്ലിയെ ബൗള്‍ട്ട് എല്‍ബിഡബ്ല്യു ആക്കുകയായിരുന്നു. 65 പന്തില്‍ 45 റണ്‍സ് നേടിയ കോഹ്ലി ഏഴു ഫോറുകള്‍ പായിച്ചു. നായകനും രോഹിത് ശര്‍മയുമായുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ 48 റണ്‍സാണ് പിറന്നത്. നായകനെ പുറത്താക്കിയശേഷം ഇന്ത്യയെ തടഞ്ഞുനിര്‍ത്താമെന്ന കിവീസ് മോഹത്തെ രോഹിത് ശര്‍മ തകര്‍ത്തു. പ്രതിരോധവും ആക്രമണവും സമന്വയിപ്പിച്ചു കളിച്ച രോഹിത് മികച്ച ഷോട്ടുകള്‍ പായിച്ചു ഈഡന്‍ ഗാര്‍ഡന്‍സിനെ കോരിത്തരിപ്പിച്ചു. രോഹിത്തിനൊപ്പം വൃദ്ധിമാന്‍ സാഹയും ഉജ്വല ബാറ്റിംഗ് പുറത്തെടുത്തതോടെ ഇന്ത്യയെ വന്‍ ലീഡിലെത്തുന്നതില്‍നിന്നു തടയാമെന്ന കിവീസിന്റെ മോഹം പൊലിഞ്ഞു. 103 റണ്‍സായിരുന്നു ഈ ഏഴാം വിക്കറ്റ് സഖ്യം അടിച്ചെടുത്തത്.
ഒന്നാം ഇന്നിംഗ്‌സിലേതുപോലെ ഇന്ത്യയുടെ മുന്‍നിരയെ വേഗത്തില്‍ പുറത്താക്കാന്‍ കിവീസിനായി. കിവീസ് ബൗളര്‍മാരുടെ സ്ഥിരതയാര്‍ന്ന പ്രകടനം ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ വലച്ചു. മാറ്റ് ഹെന്‍റിയുടെ മികച്ചൊരു ഔട്ട് സ്വിംഗറിനു ബാറ്റ് വച്ച മുരളി വിജയ്യുടെ ബാറ്റിലുരസി പന്ത് സ്ലിപ്പില്‍ നിന്ന മാര്‍ട്ടിന്‍ ഗപ്ടിലിന്റെ കൈകളിലെത്തി. ഷോര്‍ട്ട് ബോളുകളാണ് ചേതേശ്വര്‍ പുജാരയ്‌ക്കെതിരേ കിവീസ് കൂടുതല്‍ പ്രയോഗിച്ചത്. ഇത് ഫലമുണ്ടാക്കി.
പുജാരയെ വിക്കറ്റിനു മുന്നില്‍ കുടുക്കി ഹെന്‍റി ഇന്ത്യക്ക് ആഘാതമേല്‍പ്പിച്ചു. ഇന്ത്യന്‍ സ്‌കോര്‍ 24ലെത്തിയപ്പോള്‍ രണ്ടു പ്രധാന ബാറ്റ്‌സ്മാന്മാര്‍ പുറത്തായി. ഇതോടെ പിച്ച് ബാറ്റിംഗിനു ദുഷ്കരമാകുകയാണെന്ന് മനസിലായി. ഇത് ഇന്ത്യയുടെ ഡ്രെസിംഗ് റൂമിലെ ഓരോ കളിക്കാരുടെ മുഖത്തും പ്രതിഫലിച്ചു. പതിന്നാലു പന്തിനുശേഷമാണ് ശിഖര്‍ ധവാന് അക്കൗണ്ട് തുറക്കാനായത്. ഇന്ത്യന്‍ ഓപ്പണര്‍ക്ക് അധിക നേരം ക്രീസില്‍ ചെലവഴിക്കാനായില്ല. ട്രെന്‍ഡ് ബൗള്‍ട്ട് ധവാനെ (17) എല്‍ബിഡബ്ല്യുവാക്കി. ഇന്ത്യ മൂന്നിന് 34 എന്ന നിലയിലേക്കു കൂപ്പുകുത്തി. നായകനും ഇന്ത്യന്‍ ബാറ്റിംഗിനു പലപ്പോഴും രക്ഷകനാകുന്ന അജിങ്ക്യ രഹാനെയും ചേര്‍ന്നപ്പോള്‍ ഇന്ത്യ അപകടനില കടക്കുമെന്നു തോന്നിച്ചു. എന്നാല്‍ ഹെന്‍ റിയുടെ വേഗം കുറഞ്ഞ പന്തില്‍ രഹാനെ (1) ബൗള്‍ട്ടിനു ക്യാച്ച് നല്‍കി.
ഇന്ത്യ നാലിനു 43 എന്ന നിലയില്‍ തകര്‍ച്ച നേരിട്ടു. ഈ സമയത്താണ് നായകനും രോഹിതും ഒന്നിക്കുന്നത്. ഈ കൂട്ടുകെട്ടിലും അതിനുശേഷം സാഹ–രോഹിത് കൂട്ടുകെട്ടുമാണ് മത്സരം ഇന്ത്യയുടെ വരുതിയിലേക്കു കൊണ്ടുവന്നത്. രോഹിതിനെ മിച്ചല്‍ സാന്റ്‌നര്‍ ലൂക്ക് റോഞ്ചിയുടെ കൈകളിലെത്തിച്ചു. ഒമ്പത് ഫോറും രണ്ടു സിക്‌സുമാണ് ഈ ബാറ്റില്‍നിന്നും പറന്നത്. അശ്വിനും (5) ജഡേജയ്ക്കും (6) ദീര്‍ഘ ഇന്നിംഗ്‌സ് പുറത്തെടുക്കാനായില്ല.
ന്യൂസിലന്‍ഡ് മൂന്നാം ദിനം ഏഴു വിക്കറ്റിന് 128 റണ്‍സ് എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്‌സ് തുടങ്ങി. ഇന്ത്യയുടെ പേസ്–സ്പിന്‍ ആക്രമണങ്ങള്‍ക്കു മുന്നില്‍ പതറാതെ ജീതന്‍ പട്ടേലും ബിജെ വാട്‌ലിംഗും മനോഹരമായി ഇന്ത്യയെ നേരിട്ടു. ഈ എട്ടാം വിക്കറ്റ് കൂട്ടുകെട്ട് കിവീസിന്റെ സ്‌കോര്‍ ബോര്‍ഡില്‍ 60 റണ്‍സാണ് ചേര്‍ത്തത്. മുന്നേറുകയായിരുന്ന ഈ കൂട്ടുകെട്ടിന്റെ ഒഴുക്ക് തടസപ്പെടുത്തി മഴയെത്തി. മഴയ്ക്കു പട്ടേല്‍ മികച്ച ഷോട്ടുകള്‍ ഉതിര്‍ത്തെങ്കിലും അശ്വിന്‍ ഈ സഖ്യം പൊളിച്ചു. അര്‍ധ സെഞ്ചുറിക്കു മൂന്നു റണ്‍ അകലെ പട്ടേലിനെ അശ്വിന്‍ ഷാമിയുടെ കൈകളിലെത്തിച്ചു. തലേന്നത്തെ അഞ്ചു വിക്കറ്റ് പ്രകടനത്തിനുശേഷമെത്തിയ ഭുവനേശ്വര്‍ കുമാര്‍ രാവിലെ ഒരു വിക്കറ്റ് കൂടി സ്വന്തമാക്കിയിരുന്നെങ്കില്‍ ഈ നൂറ്റാണ്ടില്‍ ഇന്ത്യന്‍ മണ്ണില്‍ ആറ് വിക്കറ്റ് നേടുന്ന ആദ്യ ബൗളറാകുമായിരുന്നു. വാട്‌ലിംഗിനെയും വാഗ്‌നറെയും പുറത്താക്കി ഷാമി കിവീസിന്റെ ഇന്നിംഗ്‌സിനു തിരശീലയിട്ടു.
സ്‌കോര്‍ബോര്‍ഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് 316
ന്യൂസിലന്‍ഡ് ഒന്നാം ഇന്നിംഗ്‌സ്
സാന്റ്‌നര്‍ എല്‍ബി ഡബ്ല്യു ബി ഭുവനേശ്വര്‍ 11, വാട്‌ലിംഗ് എല്‍ബിഡബ്ല്യു ബി ഷാമി 25, ഹെന്‍ റി ബി ഭുവനേശ്വര്‍ 0, പട്ടേല്‍ സി ഷാമി ബി അശ്വിന്‍ 47, വാഗ്‌നര്‍ എല്‍ബിഡബ്ല്യു ബി ഷാമി 10, ബൗള്‍ട്ട് നോട്ടൗട്ട് 6, എക്‌സ്ട്രാസ് 19, ആകെ 53 ഓവറില്‍ 204ന് എല്ലാവരും പുറത്ത്
ബൗളിംഗ്
ഭുവനേശ്വര്‍ 15–2–48–5, ഷാമി 18–1–70–3, ജഡേജ 12–4–40–1, അശ്വിന്‍ 8–3–33–1
ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ്
വിജയ് സി ഗപ്ടില്‍ ബി ഹെന്‍ റി 7, ധവാന്‍ എല്‍ബിബ്ല്യു ബി ബൗള്‍ട്ട് 17, പുജാര എല്‍ബിഡബ്ല്യു ബി ഹെന്‍റി 4, കോഹ്ലി എല്‍ബിബ്ല്യു ബി ബൗള്‍ട്ട് 45, രഹാനെ സി ബൗള്‍ട്ട് ബി ഹെന്‍റി 1, രോഹിത് സി റോഞ്ചി ബി സാന്റ്‌നര്‍ 82, അശ്വിന്‍ എല്‍ബിഡബ്ല്യു ബി സാന്റ്‌നര്‍ 5, സാഹ നോട്ടൗട്ട് 39, ഭുവനേശ്വര്‍ നോട്ടൗട്ട് 8, എക്‌സ്ട്രാസ് 13, ആകെ 8 വിക്കറ്റിന് 63.2 ഓവറില്‍ 227.
ബൗളിംഗ്
ബൗള്‍ട്ട് 14–5–28–2, ഹെന്‍റി 15.2–2–44–3, വാഗ്‌നര്‍ 13–2–43–0, പട്ടേല്‍ 8–0–50–0, സാന്റ്‌നര്‍ 13–1–51–3