കണ്ണൂർ: ബംഗളൂരുവിൽ നിന്ന് കണ്ണൂർ നഗരത്തിൽ വില്പനയ്ക്കെത്തിച്ച മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ. തില്ലേരി സ്വദേശി സി.എച്ച്. ലുക്മാൻ മസ്റൂറിനെയാണ് (24) എക്സൈസ് സംഘം പിടികൂടിയത്.പ്രതിയുടെ കൈയിൽ നിന്നും 41.946 ഗ്രാം മെത്താഫിറ്റമിൻ എക്സൈസ് പിടിച്ചെടുത്തു.
ചില്ലറയായി മെത്താഫിറ്റമിൻ തൂക്കി വിൽക്കുന്നതിനായി പ്രതി തില്ലേരി ഭാഗത്ത് എത്തിയിട്ടുണ്ടെന്നുള്ള രഹസ്യ വിവരം കണ്ണൂർ ഇഐ ആൻഡ് ഐബി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ. ഷജിത്തിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ സർക്കിൾ ഓഫീസ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. ഷാജിയും സംഘവും പരിശോധന നടത്തിയത്.
കണ്ണൂർ ടൗൺ, പ്രഭാത്, പയ്യാന്പലം, കാനത്തൂർ എന്നീ ഭാഗങ്ങളിലും തില്ലേരി ഭാഗത്തും പരിശോധന നടത്തവെയാണ് പ്രതി പിടിയിലായത്. എക്സൈസ് സംഘത്തെ കണ്ട് പ്രതി പരുങ്ങുന്നത് കണ്ടതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് വില്ക്കാനായി കൊണ്ടുവന്ന മെത്താഫിറ്റമിൻ കണ്ടെത്തിയത്.
ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് കണ്ണൂർ നഗരത്തിൽ വ്യാപക പരിശോധനയാണ് നടക്കുന്നത്. പരിശോധന സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പി.സി. പ്രഭുനാഥ്, പ്രിവന്റീവ് ഓഫീസർ വി.വി.സനൂപ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.ടി.ശരത്ത്, വി.വി. ശ്രിജിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ അശ്വതി എന്നിവരും ഉണ്ടായിരുന്നു.