റാന്നി: റാന്നിയില്‍ സിവില്‍ സര്‍വീസ് അക്കാഡമിയും വ്യവസായ രംഗത്ത് റബര്‍പാര്‍ക്കും അടക്കം റാന്നിയുടെ വികസനത്തിനു പദ്ധതികള്‍ മുന്‍കൂട്ടി നല്‍കുമെന്ന് രാജു ഏബ്രഹാം എംഎല്‍എ. അടുത്ത അഞ്ചുവര്‍ഷത്തെ റാന്നി മണ്ഡലത്തെക്കുറിച്ച് രാഷ്ട്രദീപികയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തനിക്കു ലഭിച്ച ജനപിന്തുണ നാടിന്റെ വികസനത്തിനു നല്‍കിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്നും രാജു പറഞ്ഞു. റാന്നിയില്‍ കിന്‍ഫ്ര പാര്‍ക്കോ സമാനമായ ഇതര യൂണിറ്റുകളോ ആരംഭിക്കാന്‍ ശ്രമിക്കും. റാന്നിയിലെ തീര്‍ഥാടകവിശ്രമകേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കും. കെഎസ്ആര്‍ടിസി ഡിപ്പോയുമായി ബന്ധപ്പെട്ട് ആവശ്യമായ മുഴുവന്‍ കാര്യങ്ങളും കൊണ്ടുവരും.
ടൗണിലെ പാര്‍ക്കിംഗ് പ്രശ്‌നം പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. ടൗണിലെ റോഡുകള്‍ ആധുനികവത്കരിച്ച് ഗതാഗതസ്തംഭനം ഒഴിവാക്കാന്‍ ശ്രമിക്കും.മണ്ഡലത്തിലെ പരമാവധി റോഡുകള്‍ ദേശീയ നിലവാരത്തില്‍ പുനരുദ്ധരിക്കാന്‍ നടപടികള്‍ സ്വീകരിക്കും. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ആധുനികവത്കരണത്തിനു ടെന്‍ഡര്‍ നടത്തി നിര്‍മാണം ഉടന്‍ ആരംഭിക്കും. ആരോഗ്യരംഗത്ത് വടശേരിക്കരയിലെ സ്വകാര്യ മെഡിക്കല്‍ കോളജിനെ പൂര്‍ണമായി സഹായിച്ച് നാടിനു ഗുണം ചെയ്യുന്നതിലേക്കു മാറ്റും. അയിരൂരില്‍ നിര്‍മാണം ആരംഭിച്ച പുതിയ കോളജിനു മതിയായ സ്ഥലം കൂടി കണ്ടെത്തി പ്രവര്‍ത്തനം തുടങ്ങും.
വായ്പൂര് ദേവസ്വം ബോര്‍ഡ് കോളജിന്റെ വികസനവും പൂര്‍ത്തിയാക്കും. വെച്ചൂച്ചിറ പോളിടെക്‌നിക് കെട്ടിടം പൂര്‍ത്തിയാക്കുകയും റാന്നി ഐടിഐയ്ക്ക് പുതിയ കെട്ടിടം നിര്‍മിക്കുകയും ചെയ്യും. ശബരിമല മാസ്റ്റര്‍പ്ലാന്‍ നിലയ്ക്കല്‍ ഇടത്താവള വികസനം എന്നിവയും പ്രധാന ലക്ഷ്യങ്ങളാണ്. മലയോര മേഖലയില്‍ ശേഷിക്കുന്ന കൈവശക്കാര്‍ക്ക് പട്ടയം നല്‍കാന്‍ നടപടികള്‍ സ്വീകരിക്കും. മുഴുവന്‍ പ്രദേശങ്ങളിലെയും കുടിവെള്ള പ്രശ്‌നം പരിഹരിക്കും. നിലവില്‍ 300 കോടിയുടെ കുടിവെള്ള പദ്ധതികളാണ് നിര്‍മാണത്തിലുള്ളത്. നിലവിലുള്ള പദ്ധതികള്‍ വിപുലപ്പെടുത്തും.
പെരുന്തേനരുവി വൈദ്യുതി പദ്ധതിയുടെ സംഭരണി പൂര്‍ത്തിയാകുന്നതോടെ ഇവിടെനിന്ന് വെച്ചൂച്ചിറ, കുരുമ്പന്‍മൂഴി, കൊല്ലമുള, എരുമേലി പദ്ധതികള്‍ക്ക് സുലഭമായി വെള്ളം ലഭ്യമാക്കും. റാന്നി താലൂക്കാശുപത്രിയില്‍ പുതിയ ഡയലാസിസ് യൂണിറ്റും ആധുനിക ഓപ്പറേഷന്‍ തീയറ്ററും സ്ഥാപിക്കും. വെച്ചൂച്ചിറ, പെരുനാട്, കാഞ്ഞീറ്റുകര, എഴുമറ്റൂര്‍ സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. താലൂക്കിലെ മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഹോമിയോ, ആയുര്‍വേദാശുപത്രികളിലും സൗകര്യങ്ങള്‍ വിപുലപ്പെടുത്തും. കോട്ടാങ്ങല്‍, പേരൂര്‍ച്ചാല്‍ പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും രാജു ഏബ്രഹാം പറഞ്ഞു.