മുക്കം: ചിത്രരചനയില്‍ അനുഗ്രഹീതമായ സര്‍ഗശേഷിക്കുടമകളായ മൂന്ന് കൊച്ചു സഹോദരിമാര്‍ ഇന്ത്യന്‍ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സ്, ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ്‌സ് എന്നിവയില്‍ സ്ഥാനം പിടിക്കാന്‍ അഞ്ചുദിവസം തുടര്‍ച്ചയായി വരച്ച ചിത്രം പൂര്‍ത്തിയായി.കൊടിയത്തൂര്‍ പി.ടി.എം.ഹയര്‍ സെക്കന്‍ഡറി സ്ക്കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി രോഷ്‌ന, സഹോദരിമാരായ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി രഹ്ന, നഴ്‌സറി വിദ്യാര്‍ത്ഥിനി റെന എന്നിവരാണ് ചരിത്ര നേട്ടത്തിനായി കൂറ്റന്‍ ചിത്രം വരച്ചത്. യുഡിഎഫ് തിരുവമ്പാടി മണ്ഡലം സ്ഥാനാര്‍ത്ഥി വി.എം. ഉമ്മര്‍ മാസ്റ്ററുടെ ചിത്രമാണ് ഇവര്‍ വരച്ചത്.
കുട്ടികള്‍ വരക്കുന്ന ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് ചിത്രം തയാറാക്കിയത് അഞ്ചു ദിവസം നീണ്ട പ്രയത്‌നത്തിനൊടുവിലാണ്.20 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയുള്ള കൂറ്റന്‍ ക്യാന്‍വാസിലാണ് ചിത്രം വരച്ചത് . എം.ഐ. ഷാനവാസ് എം പി ചിത്രത്തില്‍ ഒപ്പു ചാര്‍ത്തി പ്രകാശന കര്‍മം നിര്‍വഹിച്ചു. സി. മോയിന്‍കുട്ടി എം എല്‍ എ, സി.പി. ചെറിയ മുഹമ്മദ്, സി.ജെ. ആന്റണി, സി.കെ. കാസിം, സ്ഥാനാര്‍ഥി വി.എം. ഉമ്മര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പന്നിക്കോട് ലൗ ഷോര്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് ചിത്രരചന പൂര്‍ത്തിയാക്കിയത്. കാരിക്കേച്ചര്‍ രചനയില്‍ പ്രശസ്തനായ എം.ദിലീഫിന്റെ മക്കളാണ് ചിത്രകാരികള്‍. ഇതിനോടകം നിരവധി പുരസ്ക്കാരങ്ങള്‍ നേടിയ കലാകാരികളാണ് മൂവരും.വരും ദിവസങ്ങളില്‍ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും.