റിമാന്‍ഡിലായിരുന്നവര്‍ക്കു ജാമ്യം; സമരം ശക്തമാക്കുമെന്നു തൊഴിലാളികള്‍

alp-samaramആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താത്കാലിക ജീവനക്കാരായി ജോലി ചെയ്തു വരവേ പിരിച്ചുവിട്ടതിനെ തുടര്‍ന്നു നാളുകളോളം ആശുപത്രി വളപ്പില്‍ സമരം ചെയ്യുകയും തീരുമാനം ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചു ആലപ്പുഴയില്‍ റോഡ് ഉപരോധിച്ചതിനെ തുടര്‍ന്നു അറസ്റ്റിലാവുകയും ചെയ്ത 57 തൊഴിലാളികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു.

തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന തൊഴിലാളികള്‍ക്കു ഇന്നലെയാണ് ആലപ്പുഴ കോടതി ജാമ്യം അനുവദിച്ചത്. ജയിലിലായിരുന്ന അഞ്ചുദിവസങ്ങളില്‍ ഇവര്‍ നിരാഹാരമിരുന്നതായും വനിതാനേതാവ് കൃഷ്ണമ്മ പറഞ്ഞു. കഴിഞ്ഞമാസം രണ്ടിനാണ് ജാമ്യം എടുക്കാഞ്ഞതിനെ തുടര്‍ന്നു കോടതി റിമാന്‍ഡ് ചെയ്തത്. ജയിലില്‍നിന്നും വന്ന ഇവരെ സ്വീകരിക്കുവാന്‍ വണ്ടാനത്ത് നൂറുകണക്കിനുപേര്‍ ഉണ്ടായിരുന്നു.

നിരവധിസംഘടനകള്‍ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ചകള്‍ നടത്താമെന്നു ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉറപ്പു പറഞ്ഞെങ്കിലും വാക്കു പാലിച്ചില്ലെന്നും തൊഴിലാളികള്‍ ആരോപിച്ചു. തൊഴിലിന്റെ കാര്യത്തില്‍ ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഓഫീസിനുമുമ്പില്‍ നടക്കുന്ന സമരം തുടരാനും തീരുമാനമായില്ലെങ്കില്‍ സമരം ശക്തമാക്കാനുമാണ് തൊഴിലാളികളുടെ തീരുമാനം.

Related posts