റിയോ ഡി ഷാനെറോ: ലാറ്റിനമേരിക്കന്‍ മണ്ണിലെ ആദ്യ ഒളിമ്പിക്‌സിന് ഇന്നു ദീപം തെളിയും. 205 രാജ്യങ്ങളില്‍നിന്ന് 42 കായിക ഇനങ്ങളിലായി 10,500 അത്‌ലറ്റുകള്‍ മാറ്റുരയ്ക്കുന്ന കായികരംഗത്തെ സമുന്നത പോരാട്ടങ്ങള്‍ക്കായുള്ളതാണ് ഇനിയുള്ള 16 ദിനരാത്രങ്ങള്‍. ബ്രസീലിന്റെ വാണിജ്യ തലസ്ഥാനമായ റിയോ ഡി ഷാനെറോയിലെ 37 വേദികളിലായി നടക്കുന്ന ഒളിമ്പിക്‌സിന്റെ ഉദ്ഘാടനമാമാങ്കത്തിനു വേദിയാകുന്നത് ലോകപ്രശസ്ത സ്റ്റേഡിയം മാറക്കാനയാണ്. പ്രശസ്ത ബ്രസീലിയന്‍ സംവിധായകന്‍ ഫെര്‍ണാണേ്ടാ മെയ്‌റലസിന്റെ നേതൃത്വത്തിലാണ് ഉദ്ഘാടന മാമാങ്കം അരങ്ങേറുന്നത്.
പതിനായിരത്തിലേറെ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന പരിപാടികള്‍ ചടങ്ങിന്റെ പ്രത്യേകതയാണ്. ആരാണ് ഒളിമ്പിക് ദീപം തെളിക്കുക എന്നതു സംബന്ധിച്ച് ഇനിയും തീരുമാനമായിട്ടില്ല. സ്‌പോണ്‍സര്‍മാര്‍ സമ്മതിച്ചാല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്കായിരിക്കും ആ നിയോഗം. ബ്രസീലിന്റെ സാംസ്കാരിക, കലാവൈവിധ്യങ്ങള്‍ പ്രകടമാകുന്ന നിരവധി കലാപരിപാടികള്‍ ചടങ്ങിനു മാറ്റേകും. ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4.30നാണ് ഉദ്ഘാടനച്ചടങ്ങ്.ഇന്ത്യയെ പ്രതിനിധീകരിച്ച് 118 താരങ്ങളാണ് പങ്കെടുക്കുന്നത്. മത്സരങ്ങള്‍ നാളെയേ ആരംഭിക്കൂ.