റെഡ്‌ക്രോസ് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസക്തിയേറി:വക്കം പുരുഷോത്തമന്‍

TVM-VAKKOMതിരുവനന്തപുരം: ഇന്നത്തെ ലോക സാഹചര്യങ്ങള്‍ റെഡ് ക്രോസ് പ്രവര്‍ത്തനങ്ങളുടെ പ്രസക്തി വര്‍ധിപ്പിക്കുന്നുവെന്നു മുന്‍ മിസോറാം ഗവര്‍ണര്‍ വക്കം പുരുഷോത്തമന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി സംഘടിപ്പിച്ച ലോക റെഡ് ക്രോസ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തു നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മൂന്നാം ലോക രാജ്യങ്ങളില്‍ മാത്രമല്ല വികസിത രാജ്യങ്ങളായ യൂറോപ്യന്‍ രാജ്യങ്ങളില്‍ പോലും റെഡ് ക്രോസ് പ്രവര്‍ത്തനങ്ങള്‍ ഒരു അനിവാര്യതയായി മാറിക്കൊണ്ടിരിക്കുകയാണ്. സഹജീവികളോടുള്ള കരുതലും കരുണയും മുന്‍കാലങ്ങളിലേക്കാള്‍ കുറവ് വന്നിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ റെഡ് ക്രോസ് ലോക വ്യാപകമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

റെഡ് ക്രോസ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ. സുനില്‍ സി. കുര്യന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ. കെ. വിജയന്‍, സെക്രട്ടറി എസ്.എല്‍. രജതശ്രീ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജി. ജയകുമാര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. റെഡ് ക്രോസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ചെമ്പഴന്തി അനില്‍ സ്വാഗതവും സംസ്ഥാന വൈസ് ചെയര്‍മാന്‍ രജിത് രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു. യോഗാനന്തരം ജൂണിയര്‍ റെഡ് ക്രോസ് കേഡറ്റുകള്‍ ജനറല്‍ ആശുപത്രി ഒമ്പതാം വാര്‍ഡ് സന്ദര്‍ശിക്കുകയും വസ്ത്രങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.

Related posts