ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു സംസ്ഥാനത്ത് മദ്യദുരന്തമുണ്ടാകുവാന് സാദ്ധ്യത ഉണ്ടെന്നുളള പോലീസ്-ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെതുടര്‍ന്ന് ജില്ലയില്‍ എക്സൈസ് വകുപ്പ് റെഡ്അലര്‍ട്ട് പ്രഖ്യാപിച്ചു പ്രവര്‍ത്തനം ശക്തമാക്കി. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തില്‍ ലൈസന്‍സുളള സ്ഥാപനങ്ങളില്‍ നിരന്തര പരിശോധന നടത്തുവാനും സംശയിക്കുന്ന കളള് ഷാപ്പുകളില്‍ പ്രത്യേക പരിശോധന നടത്തുവാനും രഹസ്യ നിരീക്ഷണത്തിനായി ഷാഡോ എക്സൈസ്/ ഇന്റലി ജന്‍സ് വിഭാഗം/ മഫ്തിയിലുളള പൊലീസ് ഉദ്യോഗസ്ഥരെയും അടിയന്തിരമായി നിയോഗിക്കാന്‍ കളക്ടര്‍ ആര്. ഗിരിജ നിര്‍ദേശം നല്കി.
പോലീസ്-എക്സൈസ്-റവന്യൂ വകുപ്പുകള്‍ ചേര്‍ന്നുളള സംയുക്ത പരിശോധനകള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. സ്പിരിറ്റ്, വ്യാജമദ്യം എന്നിവ ശേഖരിച്ചുവയ്ക്കാന്‍ സാദ്ധ്യതയുളള എല്ലാകേന്ദ്രങ്ങളിലും റെയ്ഡ് നടത്തും. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം പോലീസ്-എക്സൈസ്- റവന്യൂ വകുപ്പുകള്‍ ചേര്‍ന്നുളള സംയുക്ത പരിശോധനകള്‍ വ്യാഴാഴ്ച ജില്ലയില്‍ 14 സ്ഥലങ്ങളില്‍ നടത്തി. റെഡ് അലര്‍ട്ടിന്റെ ഭാഗമായുള്ള 38 റെയ്ഡുകളില് ഏഴ് അബ്കാരി കേസുകളില്‍ നിന്നായി ഏഴുപ്രതികളെ അറസ്റ്റു ചെയ്തു. 4.5 ലിറ്റര്‍ ചാരായവും 2.1 ലിറ്റര്‍ ഐഎംഎഫ്എല്ലും 100.8 ലിറ്റര്‍ അരിഷ്ടവും 5.75 ലിറ്റര്‍ ബിയറും കണ്ടെടുത്തു.
ചാരായം സൂക്ഷിച്ചുവന്ന മാവേലിക്കര താലൂക്കില്‍, വളളികുന്നം വില്ലേജില്‍ ഗാനാഭവനത്തില് ലക്ഷ്മണന് എന്നയാളെയും വിദേശമദ്യം വില്പന നടത്തിവന്ന കുറ്റത്തിനു മാവേലിക്കര താലൂക്ക്, മേനാപ്പളളി മുറിയില്‍, വളയത്ത് വടക്കേതില്‍ രാധാകൃഷ്ണന് എന്നിവരെ അറസ്റ്റുചെയ്തു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.