കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തി. പാലക്കാട് റെയില്‍വേ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ (കണ്‍സ്ട്രക്ഷന്‍ വിഭാഗം) മൊയ്തീന്‍കുട്ടി, ഡിവിഷണല്‍ എന്‍ജിനിയര്‍ ഷാജി റോയ് എന്നിവരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കണ്ണൂരിലെത്തിയത്. ഇവിടെ നിര്‍മാണം പുരോഗമിക്കുന്ന സബ്‌വേയുടെ പ്രവൃത്തികള്‍ സംഘം വിലയിരുത്തി.
രണ്ടു കോടി രൂപ ചെലവഴിച്ചാണ് സബ്‌വേ നിര്‍മാണം. നിര്‍മാണം പൂര്‍ത്തിയായാല്‍ സുരക്ഷ കമ്മീഷണര്‍ എത്തി പരിശോധന നടത്തും. ലിഫ്റ്റ്, എസ്കലേറ്റര്‍ എന്നിവയുടെ നിര്‍മാണവും സ്റ്റേഷനില്‍ പുരോഗമിക്കുകയാണ്. റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് മലിനമായി കിടക്കുന്ന കിണറുകളും സംഘം പരിശോധിച്ചു. സ്‌റ്റേഷനു കിഴക്കുഭാഗത്ത് നാലാം പ്ലാറ്റ്‌ഫോം നിര്‍മിക്കുന്നതു സംബന്ധിച്ച കാര്യങ്ങളും ഉദ്യോഗസ്ഥര്‍ വിലയിരുത്തി.
പി.കെ. ശ്രീമതി എംപി, കെ.എം. ഷാജി എംഎല്‍എ, മേയര്‍ ഇ.പി. ലത, ടി.ഒ. മോഹനന്‍, ലിഷ ദീപക്, സ്‌റ്റേഷന്‍ മാനേജര്‍ എം.കെ. ശൈലേന്ദ്രന്‍, ഡപ്യൂട്ടി മാനേജര്‍ സുരേഷ് ബാബു തുടങ്ങിയവര്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു. പാപ്പിനിശേരിയിലും താവത്തും നിര്‍മാണത്തിലിരിക്കുന്ന റെയില്‍വേ മേല്‍പ്പാലവും തലശേരി, പയ്യന്നൂര്‍, പഴയങ്ങാടി, കണ്ണപുരം സ്റ്റേഷനുകളും സംഘം സന്ദര്‍ശിച്ചു.