റോഡിനു കുറുകെ ആര്‍ച്ച് സ്ഥാപിച്ചാല്‍ നടപടിയെന്ന് ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍

alp-aarchആലപ്പുഴ: റോഡിനു കുറുകെ ആര്‍ച്ച് സ്ഥാപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കളക്ടറേറ്റില്‍ കൂടിയ ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗം ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. കൗണ്‍സില്‍ ചെയര്‍പേഴ്‌സണായ ജില്ലാ കളക്ടര്‍ ആര്‍. ഗിരിജയുടെ അധ്യക്ഷതയിലായിരുന്നു യോഗം. സ്കൂളുകള്‍ക്കു മുമ്പിലെ സീബ്രാ ലൈനുകള്‍ തെളിഞ്ഞു കാണുന്ന വിധത്തിലാക്കാന്‍ നടപടിയെടുക്കാനും യോഗം തീരുമാനിച്ചു. നഗരത്തില്‍ ഉചിതമായ സ്ഥലങ്ങളില്‍ പാര്‍ക്കിംഗ്, നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പിഡബ്ല്യൂഡിയോട് പ്രൊപ്പോസല്‍ നല്‍കാന്‍ യോഗം ആവശ്യപ്പെട്ടു.

നിലവില്‍ കേരളാ റോഡ് സേഫ്റ്റി അഥോറിട്ടി, ജില്ലാ റോഡ് സേഫ്റ്റി കൗണ്‍സിലിനു രണ്ടു തവണയായി 48,72,830 രൂപ അനുവദിച്ചിട്ടുണ്ട്. ഇത് എപ്പോള്‍ വേണമെങ്കിലും നല്‍കാവുന്നതാണെന്നും കളക്ടര്‍ യോഗത്തില്‍ പറഞ്ഞു. ഇതില്‍ 42,72,830 രൂപയില്‍ ഒരുഭാഗം വിനിയോഗിച്ച് നങ്ങ്യാര്‍കുളങ്ങര മുതല്‍ കായംകുളം ഒഎന്‍കെ ജംഗ്ഷന്‍ വരെയുള്ള ഇലക്ട്രിക്കല്‍ സ്ട്രീറ്റ് ലൈന്‍ സ്ഥാപിക്കും. രണ്ടാം ഗഡുവായി ലഭിച്ച ആറുലക്ഷം രൂപയ്ക്ക് ആല്‍ക്കോമീറ്റര്‍, ഹാന്‍ഡിക്യാം എന്നിവ വാങ്ങുന്നതിന് ഓര്‍ഡര്‍ നല്‍കാന്‍ പൊലീസ് വകുപ്പിനും മോട്ടോര്‍ വാഹന വകുപ്പിനും യോഗം അനുമതി നല്‍കി.

പാതിരപ്പള്ളിയിലും കളര്‍കോടും ഉള്‍പ്പടെയുള്ള ഭാഗങ്ങളില്‍ റോഡിന്റെ അരിക് ഉയര്‍ന്നുനില്‍ക്കുന്നത് ഒഴിവാക്കാന്‍ പ്രൊപ്പോസല്‍ തയാറാക്കാനും ലഭിക്കുന്ന മുറയ്ക്കു തുക നല്‍കാനും യോഗം തീരുമാനിച്ചു.തണ്ണീര്‍മുക്കം -ചേര്‍ത്തല റൂട്ടില്‍ തണ്ണീര്‍മുക്കത്ത് ദേശീയപാതയിലേക്കു പോകുന്ന വഴിയും ആലപ്പുഴയ്ക്കു പോകുന്ന വഴിയും മനസിലാകുന്ന വിധം ബോര്‍ഡ് സ്ഥാപിക്കാന്‍ പിഡബ്യൂഡി റോഡ്‌സിനു നിര്‍ദേശം നല്‍കി. ദേശീയ പാതയിലോ പ്രധാന ജംഗ്ഷനുകളിലോ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ ആവശ്യമാണെങ്കില്‍ അതിന്റെ മുന്‍ഗണനാക്രമം സമര്‍പ്പിച്ചാല്‍ അനുമതി നല്‍കാന്‍ യോഗം തീരുമാനിച്ചു. ജില്ലാ റോഡ് സേഫ്റ്റി കൗണ്‍സിലിന് അനുവദിച്ച 94,40,274 രൂപ മാറുന്നതിനുള്ള തടസം നീക്കാനുള്ള നടപടികള്‍ കളക്ടര്‍ സ്വീകരിക്കും. യോഗത്തില്‍ ആര്‍ടിഒ എബി ജോണ്‍ സംസാരിച്ചു.

Related posts