റോഡിലെ കുഴിയില്‍വീണു നിയന്ത്രണം തെറ്റി ഇരുചക്രവാഹനം പോസ്റ്റിലിടിച്ചു മാവേലിക്കര മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു

alp-accidentdeathമാവേലിക്കര: റോഡിലെ കുഴിയില്‍വീണു നിയന്ത്രണം തെറ്റിയ ഇരുചക്രവാഹനം മറിഞ്ഞു മാവേലിക്കര മുന്‍ ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് കവിത സജീവ്(36) മരിച്ചു. വാഹനമോടിച്ചിരുന്ന ഭര്‍ത്താവ് സജീവനും ഒപ്പമുണ്ടായിരുന്ന മകന്‍ അനന്തകൃഷ്ണനും(14) പരിക്കേറ്റു. ഇന്നലെ രാത്രി 11.30ഓടെ ചെട്ടികുളങ്ങര അശ്വതി മഹോത്സവം കണ്ടു മടങ്ങവേ തിരുവല്ല-കായംകുളം സംസ്ഥാനപാതയില്‍ പനച്ചമൂട് ജംഗ്ഷനിലെ പെട്രോള്‍പമ്പിനു മുന്‍ഭാഗത്തെ റോഡിലെ കുഴിയില്‍ വീണ് ഇവര്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം നിയന്ത്രണം തെറ്റുകയും സമീപമുള്ള പോസ്റ്റില്‍ ഇടിച്ചു മറിയുകയുമായിരുന്നു.

തുടര്‍ന്നു ഉടന്‍തന്നെ ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.    സജീവന്റെ കൈക്കു സാരമായ പരിക്കുണ്ട്. മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.  2010-15 വര്‍ഷത്തില്‍ മാവേലിക്കര ബ്ലോക്കു പഞ്ചായത്തു പ്രസിഡന്റായിരുന്നു. ഇപ്പോള്‍ ചെന്നിത്തല പടിഞ്ഞാറ് സിപിഎം എല്‍സി മെമ്പറായി പ്രവര്‍ത്തിക്കുന്നു. പെട്രോള്‍പമ്പിനു മുന്‍വശത്തെ ആഴമേറിയ കുഴിയില്‍ വീണു നിരവധി വാഹനങ്ങളാണ് അശ്വതി മഹോത്സവദിനമായ ഇന്നലെ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ടവര്‍ക്കെല്ലാം നിസാര പരിക്കേറ്റിരുന്നു. ഇവിടെ മാസങ്ങളായി ഈ കുഴിയില്‍വീണു നിരവധിപേര്‍ക്കു പരിക്കേറ്റെങ്കിലും അധികൃതര്‍ നടപടിയെടുത്തില്ല.

Related posts